madras HC moved for probe into Jayalalithaa’s hospitalisation, death

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ സംശയമുന്നയിച്ച് ഹൈക്കോടതി ജസ്റ്റിസ് തന്നെ രംഗത്ത് വന്നതോടെ വെട്ടിലായത് തമിഴ്‌നാട് സര്‍ക്കാരും ആശുപത്രി അധികൃതരും.

മാധ്യമങ്ങള്‍ ഉന്നയിച്ച സംശയംപോലെ തനിക്കും സംശയങ്ങളുണ്ടെന്ന് ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞത് വിധി സംബന്ധമായ വലിയ പ്രതീക്ഷകളാണ് പൊതു സമൂഹത്തിന് നല്‍കുന്നത്.

ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് മുതല്‍ മരണം വരെ 75 ദിവസം രഹസ്യം കാത്ത് സൂക്ഷിച്ചതെന്തിനായിരുന്നു എന്നതും ജയലളിതയുടെ അസുഖമെന്താണ് എന്നത് സംബന്ധമായും വ്യാപകമായ സംശയങ്ങള്‍ ഉയര്‍ന്നിരിക്കെയാണ് അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ ജസ്റ്റിസ് വൈദ്യലിംഗം അഭിപ്രായപ്രകടനം നടത്തിയത്.

മരണ സംബന്ധമായി ഏറെ ആരോപണം നേരിടുന്ന തോഴി ശശികലയെ തന്നെ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത് ജയയുടെ പിന്‍ഗാമിയായി അവരോധിച്ചതിന് തൊട്ട് പിന്നാലെ വന്ന ഹൈക്കോടതി നിരീക്ഷണം അണ്ണാഡിഎംകെയേയും വെട്ടിലാക്കിയിരിക്കുകയാണ്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം അവര്‍ക്ക് ശരിയായ ഭക്ഷണ ക്രമീകരണമല്ല നല്‍കിയിരിക്കുന്നതെന്നാണ് താന്‍ അറിഞ്ഞതെന്ന് ജസ്റ്റിസ് തന്നെ വെളിപ്പെടുത്തുമ്പോള്‍ അത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണെന്നാണ് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

മരണത്തിന് ശേഷമെങ്കിലും സത്യം പുറത്ത് വരണമെന്ന ജസ്റ്റീസിന്റെ അഭിപ്രായത്തിന്റെ പശ്ചാതലത്തില്‍ കോടതി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്നാണ് സൂചന.

പാര്‍ട്ടിയില്‍ ജയലളിതയുടെ പിന്‍ഗാമിയാകുകയും, ഇനി സര്‍ക്കാരിലും പിന്‍ഗാമിയായി മുഖ്യമന്ത്രി പദം ലക്ഷ്യമിടുന്ന ശശികലയുടെ രാഷ്ട്രീയ ഭാവിക്ക് ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്നതാണ് ഇനി അറിയാനുള്ളത്.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നാല്‍ വെളിവാകുന്ന ‘വിവരങ്ങള്‍’ മുന്‍ നിര്‍ത്തി അണ്ണാഡിഎംകെയിലും കലാപത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

പാര്‍ട്ടി അണികളില്‍ വലിയ വിഭാഗവും ആഗ്രഹിക്കുന്നത് ജയലളിതയുടെ പിന്‍ഗാമിയായി അവരുടെ സഹോദരപുത്രി ദീപ വരണമെന്നതാണ്.

ജയലളിതയെ കാണാന്‍ ആശുപത്രിയില്‍പോലും അവസരം നിഷേധിക്കപ്പെട്ട ദീപയ്ക്ക് വേണ്ടി കൂറ്റന്‍ കട്ടൗട്ടുകള്‍ ഇതിനകം തന്നെ തമിഴകത്ത് പലയിടത്തും ഉയര്‍ന്ന് കഴിഞ്ഞു.

ജയലളിതയുടെ മരണശേഷം ഒഴിവ് വന്ന ആര്‍.കെ നഗര്‍ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പാണ് ഇനി തമിഴക രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുക. ഇവിടെ ശശികല മത്സരിച്ചാല്‍ എതിരായി ദീപ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാഷ്ട്രീയ രംഗത്ത് ഇറങ്ങാന്‍ താല്‍പര്യപ്പെടുന്നില്ലങ്കിലും നടന്‍ അജിത്ത് അടക്കം സിനിമാരംഗത്തെ പ്രമുഖ താരങ്ങള്‍ക്കെല്ലാം ശശികല അണ്ണാഡിഎംകെ നേതൃത്വനിരയില്‍ വന്നതില്‍ കടുത്ത നിരാശയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ശശികലയുടെ എതിരാളിയും അണ്ണാഡിഎംകെ എംപിയുമായ ശശികല പുഷ്പയുടെ ഭര്‍ത്താവിന് കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റതും തമിഴകത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്.

Top