മോദി-ഷീ ജിന്‍പിങ് ഉഭയകക്ഷി ചര്‍ച്ച; തമിഴ്‌നാട്ടില്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കാന്‍ കോടതി അനുമതി

ചെന്നൈ: മോദി-ഷീ ജിന്‍പിങ് ഉഭയകക്ഷി ചര്‍ച്ചയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ഫ്‌ലക്‌സുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടിലെ മഹാബലിപ്പുരത്ത് കൊടോബര്‍ 11 മുതല്‍ 13 വരെയാണ് ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ച നടക്കുക.

സംസ്ഥാനത്ത് ഫ്‌ലക്‌സ് നിരോധനം കര്‍ശനമായി നടപ്പിലാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. റോഡരികില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് സ്‌കൂട്ടറിന് പുറത്ത് വീണ് യുവതി മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു കോടതി ഉത്തരവ്. ഇതിന് പിന്നാലെയാണ് ഫ്‌ലക്‌സുകള്‍ സ്ഥാപിക്കാന്‍ കോടതി തന്നെ അനുമതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ സെപ്തംബര്‍ 12നായിരുന്നു അപകടം നടന്നത്. ചെന്നൈയില്‍ സോഫ്റ്റ് വെയര്‍ എന്‍ജീനിയറായ ശുഭശ്രീ (23) ആണ് സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് ദേഹത്തേക്ക് മറിഞ്ഞുവീണ് മരിച്ചത്. ഐഎല്‍ടിസ് പരീക്ഷ കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പല്ലാവരം റോഡിന് സമീപത്തായിരുന്നു സംഭവം.

ഫ്‌ളക്‌സ് വീണതോടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ശുഭശ്രീ പിന്നാലെ വന്ന ലോറിക്കടിയിലേക്ക് വീണു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ശുഭശ്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും നിലവിലെ മുഖ്യമന്ത്രി പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെയും ചിത്രങ്ങള്‍ പതിച്ച ബോര്‍ഡാണ് തകര്‍ന്നുവീണത്. ജയഗോപാലിന്റെ മകന്റെ വിവാഹപരസ്യമായിരുന്നു ഫ്‌ലക്‌സ് ബോര്‍ഡ്. ചെന്നൈ പള്ളിക്കരണിയിലെ പ്രധാന പാതയില്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഡിവൈഡറിന് മുകളില്‍ ഫ്‌ലക്‌സ് സ്ഥാപിച്ചത്. സംഭവത്തില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവ് ജയഗോപാലിനെ കഴിഞ്ഞ മാസം 28-ന് അലന്തൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തിരുന്നു.

സംഭവത്തില്‍ കോടതി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ ഉത്തരവ് നടപ്പിലാക്കി മടുത്തുവെന്നും കോടതി പറഞ്ഞിരുന്നു.

Top