നിയമസഭാ തിരഞ്ഞെടുപ്പ്: മധ്യപ്രദേശിലും മിസോറാമിലും മികച്ച പോളിംഗ്

Tripura vote

ന്യൂഡല്‍ഹി: മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ 65.5 ശതമാനം പോളിങ് രേഖപ്പെടുത്തി. മിസോറം നിയമസഭയിലേക്കുള്ള 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 73 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

മിസോറാമില്‍ രാവിലെ ഏഴ് മണിക്കും മധ്യപ്രദേശില്‍ രാവിലെ എട്ട് മണിക്കുമാണ് വോട്ടിങ് ആരംഭിച്ചത്. മധ്യപ്രദേശിലെ ഭാലഘട്ട് ജില്ലയിലെ നക്സല്‍ സാന്നിധ്യമുള്ള മൂന്ന് മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മണിക്കും വോട്ടിങ് ആരംഭിച്ചു.

മധ്യപ്രദേശില്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നെങ്കിലും സംസ്ഥാനത്തെ പല ജില്ലകളില്‍ നിന്നും വോട്ടിങ് യന്ത്രത്തെപ്പറ്റി വ്യാപക പരാതികളുയര്‍ന്നു. 1145 ഇ.വി.എമ്മുകളും 1545 വിവിപാറ്റും തകരാറുണ്ടായതിനെ തുടര്‍ന്ന് മാറ്റി നല്‍കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനര്‍ വി.എല്‍. കാന്തറാവു അറിയിച്ചു.

മിസോറാമില്‍ വോട്ടിങ് സമയം അവസാനിച്ച നാല് മണിക്ക് ശേഷവും ചില പോളിങ് സ്‌റ്റേഷനുകളില്‍ നീണ്ട വരിയുണ്ടായിരുന്നതിനാല്‍ അന്തിമ കണക്കില്‍ പോളിങ് ശതമാനം വര്‍ധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ആശിഷ് കുന്ദ്ര അറിയിച്ചു.

അതേസമയം വോട്ടിങിനിടെ മധ്യപ്രദേശിലെ ഗുണയിലും ഇന്‍ഡോറിലും മൂന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണപ്പെട്ടു.

Top