പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രധാരണത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

മധ്യപ്രദേശ്: മധ്യപ്രദേശിലെ സത്നയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രധാരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എം.പി.യുമായ രാഹുല്‍ ഗാന്ധി. മോദി ധരിക്കുന്നത് ലക്ഷങ്ങള്‍ വിലയുള്ള സ്യൂട്ടുകളാണെന്നും താന്‍ ഈ വെള്ള ടീഷര്‍ട്ട് മാത്രമാണ് ഉപയോഗിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

‘മോദിയുടെ പ്രസംഗം ഞാന്‍ കേട്ടു, എല്ലായിടത്തുവെച്ചും, എല്ലാ പ്രസംഗത്തിലും ഞാന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടയാളാണെന്നാണ് മോദി പറയുന്നത്. ഇത് ആവര്‍ത്തിച്ചു പറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. ലക്ഷങ്ങള്‍ വിലയുള്ള 1-2 സ്യൂട്ടുകളെങ്കിലും മോദി ഒരു ദിവസം ധരിക്കുന്നുണ്ട്. ഞാന്‍ ഈയൊരു വെള്ള വസ്ത്രമാണ് ധരിക്കുന്നത്’ രാഹുല്‍ പറഞ്ഞു.

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനെക്കുറിച്ച് താന്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ മോദിയുടെ പ്രസംഗങ്ങളില്‍നിന്ന് ജാതി പോയെന്നും രാഹുല്‍ തുറന്നടിച്ചു. താന്‍ ജാതിയെക്കുറിച്ച് പറയുമ്പോള്‍ മോദി ഇന്ത്യയില്‍ ജാതിയില്ലെന്നാണ് പറയുന്നത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യപടി ജാതി സെന്‍സസ് നടത്തലായിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

Top