Madhyapradesh CM apologizes to Pinarayi after cops stop him from going to meet

ഭോപ്പാല്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ നടപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍.

ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തോടാണ് തന്റെ അതൃപ്തി ശിവരാജ് സിങ്ങ് ചൗഹാന്‍ പ്രകടിപ്പിച്ചത്.

മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി എത്തുമ്പോള്‍ അദ്ദേഹത്തെ സുരക്ഷിതമായി തിരിച്ചയക്കേണ്ട ബാധ്യത സംസ്ഥാനത്തിനുണ്ടെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആണ് പ്രതിഷേധക്കാര്‍ എന്നതിനാല്‍ മാത്രമാണ് പൊലീസ് ബലപ്രയോഗത്തിന് മുതിരാതിരുന്നതെന്നും ശിവരാജ് സിങ്ങ് ചൗഹാന്‍ ആര്‍എസ്എസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഇത്തരമൊരു സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന തന്റെ അഭിപ്രായം സംഘം ദേശീയ നേതൃത്വത്തെയും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

പിണറായിയെ പൊലീസ് തടഞ്ഞ് തിരിച്ചയച്ച സംഭവം ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയായത് മാധ്യപ്രദേശ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ഭോപ്പാലില്‍ മലയാളി സംഘടനകള്‍ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പിണറായിയെ യാത്രാമധ്യേ പൈലറ്റ് വാഹനത്തിലെ പൊലീസ് ഉദ്യോഗസ്ഥനാണ് തടഞ്ഞത്.

യോഗസ്ഥലത്ത് 300ഓളം പ്രതിഷേധക്കാര്‍ തടിച്ച് കൂടിയിട്ടുണ്ടെന്നും പ്രശ്‌നമാകുമെന്നതിനാല്‍ അത് ഒഴിവാക്കാന്‍ മടങ്ങിപ്പോകണമെന്ന് എസ്പിയുടെ നിര്‍ദ്ദേശമുണ്ടെന്നുമായിരുന്നു ഉദ്യോഗസ്ഥന്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നിര്‍ദ്ദേശം മാനിച്ച് പിണറായി ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു.

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ പിണറായിയെ ഫോണില്‍ ബന്ധപ്പെട്ട് ക്ഷമ ചോദിച്ചിരുന്നു. ഇതിന് ശേഷം നേരിട്ട് ഖേദം രേഖപ്പെടുത്താന്‍ ഡിജിപിയെ തന്നെ പിണറായിയുടെ അടുത്തേക്ക് അയക്കുകയും ചെയ്തിരുന്നു.

സാധാരണ കര്‍ഷക കുടുംബത്തില്‍ പിറന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ശിവരാജ് സിങ്ങ് ചൗഹാന്‍ പൊതുവെ മിതവാദിയായ നേതാവായാണ് അറിയപ്പെടുന്നത്.പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പരിഗണിച്ചവരില്‍ പ്രധാനിയുമായിരുന്നു.

ഇപ്പോഴത്തെ സംഭവം വ്യക്തിപരമായി തനിക്ക് വളരെ ക്ഷീണം ചെയ്തതായി ബോധ്യപ്പെട്ടതിനാലാണ് പിണറായിയോട് ക്ഷമ പറയാനും ആര്‍എസ്എസ് നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചതത്രെ.

പൊലീസ് പ്രതിഷേധക്കാരെ ഒഴിവാക്കി കേരള മുഖ്യമന്ത്രിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കാതെ മടക്കി അയച്ചതില്‍ ഡിജിപിയോട് വിശദീകരണവും മധ്യപ്രദേശ് മുഖ്യമന്ത്രി തേടിയിട്ടുണ്ട്.

Top