കനവാതി സബ്ജയിലില്‍ നിന്ന് നാല് കൊടും കുറ്റവാളികള്‍ തടവ് ചാടി;അന്വേഷണം ഊര്‍ജിതം

നീമച്ച്:മധ്യപ്രദേശിലെ നീമച്ചിലെ കനവാതി സബ്ജയിലില്‍ നിന്ന് നാലു തടവുകാര്‍ രക്ഷപ്പെട്ടു. കൊലപാതകം, മാനഭംഗം, ലഹരിമരുന്ന് കടത്ത് എന്നീ കുറ്റങ്ങള്‍ക്കു വിചാരണ നേരിടുന്ന കുറ്റവാളികളാണ് തടവു ചാടിയത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി.

തടവുചാടിയവരില്‍ രണ്ടു പേര്‍ മധ്യപ്രദേശ് സ്വദേശികളും രണ്ടു പേര്‍ രാജസ്ഥാന്‍ സ്വദേശികളുമാണ്. ലഹരിക്കടത്തിന് വിചാരണ നേരിടുന്ന നര്‍ സിങ്, മാനഭംഗത്തിന് ശിക്ഷ അനുഭവിക്കുന്ന ദുബ് ലാല്‍, കൊലപാതകക്കേസില്‍ പ്രതികളായ പങ്കജ് മൊംഗിയ, ലേഖാ റാം എന്നിവരാണു തടവു ചാടിയത്. സെല്ലിന്റെ ഇരുമ്പു വാതില്‍ അറുത്തുമാറ്റി 22അടി ഉയരമുള്ള മതിലില്‍ കയറുപയോഗിച്ച് തൂങ്ങിക്കയറിയാണ് ഇവര്‍ രക്ഷപ്പെട്ടത്.

അടുത്തിടെ തടവുകാരെ സന്ദര്‍ശിക്കാന്‍ വന്നവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രാജസ്ഥാന്‍ അതിര്‍ത്തിയിലും അന്വേഷണ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ഊര്‍ജിതമാക്കി.ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികവും അധികൃതര്‍ പ്രഖ്യാപിച്ചു.

Top