ഒരു മൂത്രമൊഴിയിൽ ‘തട്ടി’ കലങ്ങിമറിഞ്ഞ് മധ്യപ്രദേശ് രാഷ്ട്രീയം, കാൽകഴുകിയ പരിഹാരകൃയയും വൈറൽ

റ്റ മൂത്രമൊഴി സംഭവത്തോടെ ഒരു സംസ്ഥാന സര്‍ക്കാര്‍ തന്നെ പ്രതിരോധത്തിലായ കാഴ്ചയാണ് മധ്യപ്രദേശില്‍ നിന്നും ഇപ്പോള്‍ ദൃശ്യമാകുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ ഈ മൂത്രമൊഴിയില്‍ ബി.ജെ.പി സര്‍ക്കാര്‍ ഒലിച്ചു പോകുമോ എന്നതും കണ്ടു തന്നെ അറിയേണ്ടതുണ്ട്. ഈ ഭയം മൂലമാണ് യുവമോര്‍ച്ചക്കാരന്‍ മുഖത്ത് മൂത്രമൊഴിച്ച ആദിവാസിയുടെ കാല്‍ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തന്നെ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. ഈ പരിഹാര ക്രിയ ഏറ്റാല്‍ ബി.ജെ.പിക്ക് ആശ്വസിക്കാം. അതല്ലങ്കില്‍ കര്‍ണ്ണാടകത്തിനു പുറമെ മധ്യാപദേശ് ഭരണവും ബി.ജെ.പിക്ക് നഷ്ടമാകും.

ആദിവാസികളുടെ കുടിലില്‍ പോയി ഭക്ഷണം കഴിച്ചും മറ്റും ദളിത് വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ നീക്കമാണ് ഒരു പ്രാദേശിക പരിവാര്‍ പ്രവര്‍ത്തകന്റെ ഹീനമായ ചെയ്തിയില്‍പ്പെട്ട് തരിപ്പണമായിരിക്കുന്നത്. ജൂലൈ 5നാണ് രാജ്യത്തെ അമ്പരിപ്പിച്ച വിവാദ ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നത്. ആദിവാസിയായ ദഷ്മത് റാവത്തിന്റെ മുഖത്തേക്ക് ഒരാള്‍ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ ദൃശ്യമാണ് പുറത്തു വന്നിരുന്നത്. ഈ വ്യക്തി ബിജെപി യുവജന വിഭാഗം പ്രാദേശിക നേതാവായ പ്രവേശ് ശുക്ലയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക കൂടി ചെയ്തതോടെ ബി.ജെ.പി സര്‍ക്കാര്‍ ശരിക്കും വെട്ടിലാകുകയാണ് ഉണ്ടായത്.

തുടര്‍ന്ന്… ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനം വരെ വിഷയത്തില്‍ ഗൗരവമായി ഇടപെടുന്ന സാഹചര്യവുമുണ്ടായി. ഇതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങിയിരുന്നത്. ദഷ്മത് റാവത്തിനെ കസേരയിലിരുത്തി താഴെയിരുന്നാണ് ശിവരാജ് സിങ് ചൗഹാന്‍ കാല്‍ കഴുകിയിരുന്നത്. ഇതിന് വിസമ്മതിച്ച റാവത്തിനെ മുഖ്യമന്ത്രി നിര്‍ബന്ധിച്ച് ചെരുപ്പ് അഴിപ്പിച്ച ശേഷം കാല്‍ കഴുകുകയാണുണ്ടായത്. ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് രംഗത്തു വന്ന കോണ്‍ഗ്രസ്സിനെ പോലും അത്ഭുതപ്പെടുത്തിയ കാഴ്ചയായിരുന്നു ഇത്.

ദഷ്മത് റാവത്തിന്റെ മുഖത്തേക്ക് മൂത്രമൊഴിക്കുന്ന വിഡിയോ കണ്ടപ്പോള്‍ വളരെ വേദനയുണ്ടായെന്നാണ് മുഖ്യമന്ത്രി ചൗഹാന്‍ തുറന്നു പറഞ്ഞിരുന്നത്. ‘തനിക്ക് ജനം ദൈവത്തെപ്പോലെയാണെന്നും’ മുഖ്യമന്ത്രി തുറന്നു പറയുകയുണ്ടായി. ”ജനങ്ങളെ സേവിക്കുക എന്നാല്‍ ദൈവത്തെ സേവിക്കുന്നത് പോലെയാണെന്നും, എല്ലാ മനുഷ്യരിലും ദൈവമുണ്ടെന്ന് വിശ്വസിക്കുന്നു”വെന്ന അവകാശവാദവും ചൗഹാന്‍ ഉന്നയിക്കുകയുണ്ടായി. ദഷ്മതിനു നേരെയുണ്ടായ മനുഷ്യത്വരഹിതമായ അതിക്രമത്തെ മുഖ്യമന്ത്രിയും സര്‍ക്കാറും കര്‍ശനമായി തള്ളിപ്പറയുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ഒടുവില്‍ കാല്‍കഴുകുകയും ചെയ്തതോടെ ജനരോഷം ഏകദേശം തണുപ്പിക്കാന്‍ കഴിഞ്ഞതായാണ് ബി.ജെ.പി വിലയിരുത്തുന്നത്.

എന്നാല്‍ എത്ര കാല്‍കഴുകിയാലും ആ വെള്ളം കുടിച്ചാല്‍ പോലും ഈ പ്രശ്‌നം തിരഞ്ഞെടുപ്പുവരെ സജീവമാക്കി നിര്‍ത്താനാണ് കോണ്‍ഗ്രസ്സ് തീരുമാനിച്ചിരിക്കുന്നത്. മധ്യപ്രദേശിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍, ചത്തിസ്ഗഡ് സംസ്ഥാനങ്ങളിലും ഭരണ വിരുദ്ധ വികാരം രൂക്ഷമാണ്. ഈ രണ്ടു സംസ്ഥാനങ്ങളും നിലവില്‍ ഭരിക്കുന്നത് കോണ്‍ഗ്രസ്സാണ്. പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നതയും മറനീക്കി പുറത്തു വന്നു കഴിഞ്ഞു. ഈ പ്രതികൂല സാഹചര്യത്തില്‍ രാജസ്ഥാനും ചത്തീസ് ഗഢും നഷ്ടപ്പെട്ടാല്‍ പോലും ബി.ജെ.പി ഭരിക്കുന്ന മധ്യാപദേശ് പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ അതുവഴി തല്‍ക്കാലം പിടിച്ചു നില്‍ക്കാമെന്നതാണ് കോണ്‍ഗ്രസ്സ് നേതൃത്വം കണക്കു കൂട്ടുന്നത്. മൂത്രമൊഴി സംഭവം വിവാദമാക്കാന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ രംഗത്തിറങ്ങിയതും ഈ നീക്കത്തിന്റെ ഭാഗമാണ്.

മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് ആദിവാസി യുവാവിന്റെ ദേഹത്തു മൂത്രമൊഴിക്കുന്ന സംഭവം നടന്നിരുന്നത്. പ്രതിയായ പ്രവേശ് ശുക്ല നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്. ഇതിനു പുറമെ, സംഭവം അന്വേഷിക്കാന്‍ ബിജെപി സര്‍ക്കാര്‍ നാലംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ സിബിഐ അന്വേഷണം വേണമെന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം. പ്രതിക്കു ബിജെപി ബന്ധമുണ്ടെന്നും ആരോപിച്ചു. ദേശീയ സുരക്ഷാനിയമവും പട്ടികവിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമവും അടക്കം കടുത്ത 4 വകുപ്പുകള്‍ ചുമത്തിയാണു മധ്യപ്രദേശ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഫോണ്‍ റീചാര്‍ജ് ചെയ്യാനെത്തിയ യുവാവാണ് ആദിവാസിക്കു നേരെ അതിക്രമം കാട്ടിയിരിക്കുന്നത്. കടയുടമ തടയാന്‍ ശ്രമിച്ചെങ്കിലും ഒരു ഫലവുമുണ്ടായിരുന്നില്ല. സംഭവത്തില്‍ സര്‍ക്കാറിനെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ അക്രമിയുടെ പിതാവിന്റെ വീടിന്റെ ഒരു ഭാഗം അധികൃതര്‍ ഇടിച്ചുനിരത്തുകയുണ്ടായി. ഈ നടപടി ഉണ്ടായതും മിന്നല്‍ വേഗത്തിലായിരുന്നു. ചട്ടം ലംഘിച്ചു നിര്‍മിച്ചതുകൊണ്ടാണു നടപടിയെന്നാണു സര്‍ക്കാര്‍ വിശദീകരണമെങ്കിലും കടുത്ത നടപടി സ്വീകരിച്ചു എന്നത് ജനങ്ങളെയും മാധ്യമങ്ങളെയും ബോധ്യപ്പെടുത്താനാണ് ഈ പൊളിച്ചടുക്കലും നടന്നതെന്ന് എന്തായാലും പകല്‍പോലെ വ്യക്തമാണ്.

EXPRESS KERALA NEWS

Top