സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങളില്ല ; ഉദ്യോഗസ്ഥരെ മധ്യപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു

Madhya Pradesh,

ഛത്തർപുർ : മധ്യപ്രദേശിലെ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥരെ മധ്യപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശ് ഛത്തർപുരിലെ സ്കൂളിലാണ് കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയത്.

സ്കൂളിലെ കുട്ടികൾ തുറസ്സായ സ്ഥലത്തിരുന്നാണ് പഠിക്കുന്നത്. മാത്രമല്ല കുട്ടികൾ വെള്ളം കുടിക്കുന്നത് അടുത്തുള്ള കനാലിൽ നിന്നാണ്. മോശം നിലവാരമുള്ള ഭക്ഷണമാണ് സ്കൂൾ അധികൃതർ ഇവർക്ക് നൽകിയിരുന്നത്. ഈ സാഹചര്യത്തിലാണ് മധ്യപ്രദേശ് സർക്കാർ നടപടി സ്വീകരിച്ചത്.

ഈ വിഷയം ഛത്തർപുർ കളക്ടറോട് സംസാരിച്ചുവെന്നും, ക്രമക്കേടുമായി ബന്ധപ്പെട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവെന്നും എല്ലാ ജില്ലകളിലും പരിശോധന നടത്താൻ ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും വനിതാ ശിശു വികസന മന്ത്രി അർച്ചന ചിത്നിസ് വ്യക്തമാക്കി. ഛത്തർപുർ സൂരജ്പുരയിലെ സ്കൂളിന്റെ മോശം അവസ്ഥയെ സംബന്ധിച്ച് പരാതികൾ നൽകിയിരുന്നുവെങ്കിലും സ്കൂൾ അധികൃതർ നടപടികൾ സ്വീകരിച്ചിരുന്നില്ല.

പാവപ്പെട്ട കർഷകരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ഛത്തർപുരിലേത്. ഉപ്പും, ചപ്പാത്തിയുമാണ് ഉച്ചഭക്ഷണമായി നൽകിയിരുന്നതെന്നും, അല്ലെങ്കിൽ ദാലും ചപ്പാത്തിയുമാണ് നൽകുന്നതെന്നും അപൂര്‍വ്വമായി മാത്രമേ പച്ചക്കറികൾ ലഭിക്കാറുള്ളുവെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. ഞങ്ങൾക്കായി സ്കൂളിൽ ശൗചാലയമില്ലെന്നും, നാല് വർഷമായി സ്കൂളിൽ കുടിവെള്ളമില്ലെന്നും അതിനാലാണ് കനാലിലെ വെള്ളം കുടിക്കുന്നതെന്നും കുട്ടികൾ പറഞ്ഞു.

മോശം നിലവാരമില്ലാത്ത ഉച്ചഭക്ഷണം നൽകിയതും, സ്കൂളിൽ കുടിവെള്ള സൗകര്യമില്ലാതിരുന്നതിനും വ്യക്തമായ നടപടി സ്വീകരിക്കുന്നതിന് കൂടുതൽ അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ അയച്ചുവെന്നും, അവർ ഉച്ചഭക്ഷണത്തിലെ ക്രമക്കേടുകൾ കണ്ടെത്തിയെന്നും, എന്നാൽ കുട്ടികൾ കുടിക്കുന്ന വെള്ളം ശുദ്ധമാണെന്നാണ് സ്കൂൾ അധികൃതർ പറഞ്ഞതെന്നും ജില്ലാ മജിസ്ട്രേറ്റ് രമേഷ് ഭണ്ഡാരി അറിയിച്ചു.

Top