രാജ്യസഭ സീറ്റ് ഉപേക്ഷിച്ച് സി.പി.എം, കണ്ടു പഠിക്കണം കോൺഗ്രസ്സ് ഇത് !

വൈറസ് ബാധയിപ്പോള്‍ ശരിക്കും ഏറ്റിരിക്കുന്നത് കോണ്‍ഗ്രസ്സിലാണ്.

ജ്യോതിരാദിത്യ സിന്ധ്യക്ക് പുറമെ അനവധി പേരാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിനോട് വിട പറഞ്ഞിരിക്കുന്നത്. ഇതില്‍ നിരവധി എം.എല്‍.എമാരും ഉള്‍പ്പെടും. 22 എം.എല്‍.എമാര്‍ ഇതിനകം തന്നെ രാജിവച്ച് കഴിഞ്ഞിട്ടുണ്ട്. ഗ്വാളിയാര്‍, ചമ്പല്‍ മേഖലകളില്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയാണ് പ്രതിഷേധിക്കുന്നത്. ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദയില്‍ നിന്നാണ് അംഗത്വം സിന്ധ്യ സ്വീകരിച്ചിരിക്കുന്നത്.

ഈ വിമത നീക്കത്തില്‍ മധ്യപ്രദേശ് സര്‍ക്കാറിന് ഭൂരിപക്ഷവും നഷ്ടമായി കഴിഞ്ഞു. നിലവില്‍ 88 പേരുടെ പിന്തുണ മാത്രമാണ് മുഖ്യമന്ത്രി കമല്‍നാഥിനുള്ളത്. ഇതില്‍ തന്നെ പലരും ജോതിരാദിത്യ സിന്ധ്യയുമായി സമ്പര്‍ക്കത്തിലുമാണ്.107 എം.എല്‍.എമാരാണ് ബി.ജെ.പിക്ക് ഈ സംസ്ഥനത്തുള്ളത്.

സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായാല്‍ കൂടുതല്‍ എം.എല്‍.എമാര്‍ കോണ്‍ഗ്രസ്സ് വിടാനാണ് സാധ്യത. മധ്യപ്രദേശിലെ കോണ്‍ഗ്രസ്സിന്റെ ശക്തമായ യുവ മുഖമായിരുന്നു ജോതിരാദിത്യ സിന്ധ്യ.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിന് ഭരണം പിടിക്കാനും സിന്ധ്യയുടെ ഇടപെടലാണ് തുണയായിരുന്നത്.

എന്നാല്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്ന ഘട്ടം വന്നപ്പോള്‍, കമല്‍ നാഥിനെയാണ് ഹൈക്കമാന്റ് തുണച്ചിരുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അഹമ്മദ് പട്ടേലും എ.കെ ആന്റണിയുമായിരുന്നു. സോണിയ ഗാന്ധിയില്‍ സമ്മര്‍ദ്ദം ചെലുത്തി ആയിരുന്നു ഇവര്‍
അനുകൂല തീരുമാനമെടുപ്പിച്ചിരുന്നത്.

രാഹുല്‍ ഗാന്ധിയുടെ താല്‍പ്പര്യം അവഗണിച്ചായിരുന്നു സോണിയ കമല്‍നാഥിനെ തുണച്ചിരുന്നത്. ഇതിനുള്ള തിരിച്ചടിയാണിപ്പോള്‍ കോണ്‍ഗ്രസ്സ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വലം കൈ ആയാണ് ജോതിരാദിത്യ സിന്ധ്യ അറിയപ്പെട്ടിരുന്നത്. ആ സിന്ധ്യ തന്നെ കളം മാറ്റി ചവിട്ടിയത് രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിച്ചിട്ടുണ്ട്.

രാഹുലിന്റെ മറ്റൊരു മന:സാക്ഷി സൂക്ഷിപ്പുകാരനായ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഇടഞ്ഞ് തന്നെയാണ് നില്‍ക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായാണ് സച്ചിന്റെ ഇടച്ചില്‍. ഇവിടെയും ആന്റണി – അഹമ്മദ് പട്ടേല്‍ സഖ്യമാണ് മുഖ്യമന്ത്രിയെ നിര്‍ണ്ണയിച്ചിരുന്നത്.

സിന്ധ്യയെ പോലെ തഴയപ്പെട്ട നേതാവാണ് സച്ചിന്‍ പൈലറ്റും. ഉടക്ക് ഒഴിവാക്കാനാണ് അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയിരുന്നത്.

സിന്ധ്യയുടെ വഴി സച്ചിനും തിരഞ്ഞെടുത്താല്‍ രാജസ്ഥാന്‍ സര്‍ക്കാരിനും ആയുസ്സുണ്ടാവില്ല. ഇരുപത് എം.എല്‍.എമാര്‍ കൂറുമാറിയാല്‍ മതിയാകും സര്‍ക്കാര്‍ വീഴുവാന്‍.

മധ്യപ്രദേശ് കോണ്‍ഗ്രസ്സിനെ ഇപ്പോള്‍ ബാധിച്ചിരിക്കുന്ന വൈറസ് ഇനി രാജസ്ഥാനിലേയ്ക്കും പടരുമോയെന്ന ആശങ്ക ഹൈക്കമാന്‍ഡിനുമുണ്ട്. പ്രതിസന്ധി തരണം ചെയ്യാന്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങളെല്ലാം പാളിയ സാഹചര്യമാണ് നിലവിലുള്ളത്.

അനിവാര്യമായ പ്രതിസന്ധി എന്നാണ് ഈ സംഭവ വികാസങ്ങളെ ബി.ജെ.പി വിശേഷിപ്പിക്കുന്നത്.

കമല്‍നാഥ് തഴഞ്ഞ രാജ്യസഭ സീറ്റില്‍ സിന്ധ്യയെ മത്സരിപ്പിച്ച് കേന്ദ്ര മന്ത്രിയാക്കാനാണ് ബി.ജെ.പിയുടെ നീക്കം. സച്ചിന്‍ പൈലറ്റിനുള്ള ഒരു സന്ദേശം കൂടിയാണിത്.

ആദ്യം മധ്യപ്രദേശ്, പിന്നാലെ രാജസ്ഥാന്‍ … ഇതാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ അജണ്ട.

അധികാരം ലഹരിയായ കോണ്‍ഗ്രസ്സ് നേതാക്കളെ സംബന്ധിച്ച്, ഈ വാഗ്ദാനത്തില്‍ വീഴുക സ്വാഭാവികമാണ്.

ജോതിരാദിത്യ സിന്ധ്യക്ക് രാജ്യസഭ സീറ്റ് നിഷേധിച്ചതാണ് ഇപ്പോഴത്തെ പ്രകോപനത്തിനുള്ള പ്രധാന കാരണം. ഇതിനു മുന്‍പ് പി.സി.സി അധ്യക്ഷ സ്ഥാനവും സിന്ധ്യക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഇവിടെയും പട്ടേല്‍ – ആന്റണി അച്ചുതണ്ടാണ് കമല്‍നാഥിന് കരുത്തായിരുന്നത്. ഇവരുടെ കയ്യിലെ റബര്‍ സ്റ്റാംപാണിപ്പോള്‍ സോണിയ ഗാന്ധി.സര്‍വ്വനാശത്തിന്റെ പടുകുഴിയിലേക്കാണ് ആ പാര്‍ട്ടിയിപ്പോള്‍ ചെന്നെത്തിയിരിക്കുന്നത്.

അമേഠി കൈവിട്ടപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് കൈ കൊടുത്തത് വയനാടാണ്. ഇവിടെ മത്സരിക്കാന്‍ രാഹുലിനെ ഉപദേശിച്ചവരില്‍ പ്രമുഖനാണ് ജോതിരാദിത്യ സിന്ധ്യ.

എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ രാഹുല്‍ പോലും സിന്ധ്യയെ കൈവിടുകയാണുണ്ടായത്.ആശയപരമല്ല, അധികാരത്തെ ചൊല്ലിയാണ് കോണ്‍ഗ്രസ്സില്‍ ഭിന്നതുള്ളത്. അതാകട്ടെ പാര്‍ട്ടി പദവി മുതല്‍ രാജ്യസഭ അംഗത്വം വരെ നീണ്ടുനില്‍ക്കുന്നതുമാണ്.

ഇവിടെ കോണ്‍ഗ്രസ്സ് നേതാക്കള്‍ കണ്ടു പഠിക്കേണ്ടത് സി.പി.എമ്മിനെയാണ്.

കോണ്‍ഗ്രസ്സ് പിന്തുണയോടെ സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കേണ്ടന്നാണ്, ആ പാര്‍ട്ടിയുടെ തീരുമാനം.

ബംഗാളില്‍ നിന്നും ഒരു രാജ്യസഭാംഗത്തെ സൃഷ്ടിക്കാനുള്ള അവസരമാണ് സി.പി.എം ഇത് വഴി ഒഴിവാക്കിയിരിക്കുന്നത്. അധികാരമല്ല, നിലപാടുകളാണ് പ്രധാനമെന്ന് വ്യക്തമാക്കുന്ന തീരുമാനമാണിത്. അധികാര മോഹികളായ രാഷ്ട്രീയ
നേതാക്കള്‍ ഈ മാതൃകയാണ് കണ്ട് പഠിക്കേണ്ടത്.

Political Reporter

Top