‘സേവ് ദ് ഡേറ്റ്’ വേണ്ട, അത് നമുക്ക് ചേരില്ല; പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ വിലക്കണമെന്ന് മന്ത്രി

couple

ഭോപ്പാല്‍: വിവാഹം എത്ര വ്യത്യസ്തമാക്കാന്‍ പറ്റുമോ അതെല്ലാം ചെയ്യുന്നവരാണ് ഇന്നത്തെ യുവ തലമുറ. ഇപ്പോള്‍ ക്ഷണപത്രികയ്ക്ക് പകരം സേവ് ദ് ഡേറ്റ് വിഡിയോകളിലാണ് യുവാക്കളുടെ പരീക്ഷണം. പലരും ലക്ഷങ്ങള്‍ വരെ ചെലവാക്കിയാണ് ഈ വീഡിയോകള്‍ ചിത്രീകരിക്കുന്നത്. കോമഡിയും റൊമാന്‍സും ഫാമലി ത്രില്ലറും സ്പൂഫുമൊക്കെയാണ് ഇതില്‍ ഇടം പിടിച്ചിരിക്കുന്നത്.

എന്നാല്‍ ഇത്തരം പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ നിരോധിക്കണം എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി പി.സി ശര്‍മ്മ. ഇത്തരം വീഡിയോകള്‍ നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തിന് അനുയോജിച്ചതല്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഭോപ്പാലില്‍ മൂന്ന് സമുദായക്കാര്‍ വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക കാഴ്ചപ്പാടുകള്‍ മുന്‍നിര്‍ത്തിയാണ് ആളുകള്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതെന്നും പഴയ രീതികളും സംസ്‌കാരവും നമ്മള്‍ പിന്തുടരുകയാണെങ്കില്‍ വിവാഹജീവിതം വിജയകരവും സന്തോഷപൂര്‍ണവുമാകുമെന്നും പി.സി ശര്‍മ്മ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Top