ആണ്‍കുട്ടികളുമായി സംസാരിച്ചതിന് വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: ആണ്‍കുട്ടികളോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ച സ്വകാര്യ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.

എംബിഎ വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലിന് പുറത്ത് ആണ്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ അവിടേയ്ക്ക് വന്ന അമര്‍ജീത് സിങ് ശകാരവര്‍ഷം നടത്തിയ ശേഷം വിദ്യാര്‍ഥിനികളെ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ഇവരെ പിന്തുടര്‍ന്ന് ഹോസ്റ്റലിനകത്തേക്ക് എത്തിയ ഇയാള്‍ വീണ്ടും മര്‍ദ്ദിച്ചു. ആണ്‍കുട്ടികളുമായും തര്‍ക്കമുണ്ടായി.

പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപത്താണ് അമര്‍ജീത് സിങും താമസിക്കുന്നത്.ഇയാള്‍ സ്ഥിരമായി തങ്ങളെ നിരീക്ഷിക്കാറുണ്ടെന്നും റോഡിലൂടെ നടക്കുമ്പോഴും മറ്റും തുറിച്ച് നോക്കാറുണ്ടെന്നും ഒരു വിദ്യാര്‍ഥിനി പറഞ്ഞു.

ആണ്‍സുഹൃത്തുക്കള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുമായി സംസാരിക്കുന്നത് ഇയാളെ അരോസരപ്പെടുത്തിയിരുന്നതായി ഒരു സമീപവാസി പറഞ്ഞു.

Top