ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫിയെടുത്തു; ട്രെയിനി പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

arrest

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉമാറിയയില്‍ മുതിര്‍ന്ന ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫിയെടുത്ത ട്രെയിനി പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ഉമാറിയ പൊലീസ് അക്കാദമിയിലെ രാം അവ്തര്‍ റാവത്ത് (28) എന്ന ട്രെയിനി കോണ്‍സ്റ്റബിളിനെയാണ് കോടതിയില്‍ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്തത്.

മദ്യലഹരിയിലാണ് ഇയാള്‍ ജില്ലാ ജഡ്ജിയുടെ മുറിയില്‍ കയറിയത്. മുറി പൂട്ടിയിരുന്നില്ല. ഒഴിഞ്ഞു കിടന്ന മുറിയിലെ ജഡ്ജിയുടെ കസേരയില്‍ ഇരുന്ന് ഇയാള്‍ സെല്‍ഫികളെടുത്തതായും പൊലീസ് പറഞ്ഞു.

കോടതിയിലെ പ്യൂണ്‍ ശക്തി സിങ് ഇയാളെ പിടികൂടുകയും കോടതി അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് റാവത്തിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 448ാം വകുപ്പ് പ്രകാരം റാവത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Top