അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: ജനുവരി 22 ന് ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: ജനുവരി 22 ന് ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. അയോധ്യയിലെ രാമക്ഷേത്ര ‘പ്രാണ്‍ പ്രതിഷ്ഠാ’ ചടങ്ങ് പ്രമാണിച്ചാണ് തീരുമാനം. മുഖ്യമന്ത്രി മോഹന്‍ യാദവ് ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നാല് സംസ്ഥാനങ്ങള്‍ ഇതിനോടകം ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരുന്നു.

ജനുവരി 22 ന് സംസ്ഥാനത്തുടനീളം ഡ്രൈ ഡേ ആയിരിക്കും. മദ്യമോ മറ്റേതെങ്കിലും ലഹരി വസ്തുക്കളോ വില്‍ക്കുന്ന കടകള്‍ അന്ന് അടഞ്ഞുകിടക്കുമെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘പ്രാണ്‍ പ്രതിഷ്ഠാ’ ചടങ്ങ് കണക്കിലെടുത്താണ് തീരുമാനം. ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ജനുവരി 22 ന് ‘ഡ്രൈ ഡേ’ പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരുന്നു. ‘പ്രാണ്‍ പ്രതിഷ്ഠാ’ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. ചടങ്ങിന് മുന്നോടിയായുള്ള പൂജ കര്‍മങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്നതാണ് പൂജാ ചടങ്ങുകള്‍.

Top