മാ ശാരദാ ക്ഷേത്രത്തിൽ 25 വ‍ർഷമായി ജോലി ചെയ്യുന്ന മുസ്ലിം ജീവനക്കാരെ പിരിച്ചുവിടണമെന്ന് സർക്കാർ

ഭോപ്പാൽ: മധ്യപ്രദേശിലെ മൈഹറിലെ മാ ശാരദാ ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന രണ്ട് മുസ്ലീം ജീവനക്കാരെ ഉടൻ പിരിച്ചുവിടണമെന്ന് സർക്കാർ. 1988 മുതൽ ഇവിടെ ജോലി ചെയ്യുന്ന രണ്ട് പേർക്കാണ് മതത്തിന്റെ പേരിൽ ജോലി നഷ്ടമാകുന്നത്. മത സ്ഥാപനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെയാണ് നിർദേശം. വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ അടക്കമുള്ള സംഘടനകൾ കഴിഞ്ഞ ദിവസം മത, സാംസ്കാരിക മന്ത്രിയെ കണ്ട് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ചരിത്രപരമായി ഇന്ത്യൻ മുസ്ലീം സൗഹാർദത്തിന്റെ ഉദാഹരണമായിരുന്നു മൈഹറിലെ ക്ഷേത്രവും സരോദ് വിദ്വാൻ അലാവുദ്ദീൻ ഖാൻ തുടക്കമിട്ട മൈഹർ ഖരാനയും. ഈ ക്ഷേത്രത്തിലെ മുസ്ലിം ജീവനക്കാരെയാണ് ഇപ്പോൾ പിരിച്ചുവിടുന്നത്.

സ‍ർക്കാർ നിർദ്ദേശം പാലിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്ഷേത്ര കമ്മിറ്റിയോട് സംസ്ഥാന മത ട്രസ്റ്റ് ആൻഡ് എൻഡോവ്‌മെന്റ് മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി കത്തിലൂടെ ആവശ്യപ്പെട്ടു. മധ്യപ്രദേശ് സർക്കാരിന്റെ മത സ്ഥാപനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച് നേരത്തെയും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും ക്ഷേത്ര സമിതിയുടെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും സാംസ്കാരിക വകുപ്പ് ഉത്തരവിൽ പറയുന്നു. അതിനാൽ, ഇതുമായി ബന്ധപ്പെട്ട് വകുപ്പ് പുറപ്പെടുവിച്ച നിർദ്ദേശം പാലിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കിനിൽക്കെയാണ് ഈ നടപടി ഉണ്ടായത്. ശിവരാജ് സിംഗ് ചൗഹാന്റെ ക്യാബിനറ്റിൽ ടൂറിസം മന്ത്രി കൂടിയായ മുതിർന്ന ബി ജെ പി നേതാവ് ഉഷ താക്കൂറാണ് മത സ്ഥാപനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെയും ചുമതല വഹിക്കുന്നത്. ക്ഷേത്രപരിസരത്ത് സ്ഥിതി ചെയ്യുന്ന എല്ലാ ഇറച്ചിക്കടകളും മദ്യശാലകളും നീക്കം ചെയ്യുമെന്നും വകുപ്പ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകളുടെ ശുപാർശയെ തുടർന്നാണ് നടപടി. സത്‌ന ജില്ലയിലെ ഇത്തരം സംഘടനകൾ ഈ വർഷം ജനുവരിയിൽ ഉഷാ താക്കൂറിന് ഒരു കത്ത് നൽകിയിരുന്നു. ഈ കത്തിനെ തുടർന്നാണ് നടപടി ഉണ്ടായത്. ജനുവരിയിൽ മന്ത്രി പുറപ്പെടുവിച്ച നിർദേശം പാലിക്കാനാണ് പുതിയ കത്ത് നൽകിയിരിക്കുന്നത്. ‘ഞങ്ങൾക്ക് ഈ വിഷയത്തിൽ ഒരു കത്ത് ലഭിച്ചു, ക്ഷേത്ര സമിതി ഉടൻ തന്നെ ഇക്കാര്യം ചർച്ചചെയ്യും, കമ്മിറ്റി എന്ത് തീരുമാനിക്കുന്നുവോ അത് അന്തിമ തീരുമാനമായിരിക്കും – എന്നാണ് മാ ശാരദാ ദേവി ക്ഷേത്ര സമിതിയിലെ ഒരംഗം വിഷയത്തോട് പ്രതികരിച്ചത്.

Top