വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍. രത്ലം ജില്ലയില്‍ നിയമിതയായ പൊലീസ് കോണ്‍സ്റ്റബിള്‍ ദീപിക കോത്താരിയാണ് ലിംഗമാറ്റത്തിന് അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ലിംഗമാറ്റത്തിന് അനുമതി തേടി ദീപിക അപേക്ഷ നല്‍കിയത്. സംസ്ഥാന ആഭ്യന്തര വകുപ്പ് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കി കൊണ്ട് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

കോത്താരിക്ക് ‘ജന്‍ഡര്‍ ഐഡന്റിറ്റി ഡിസോഡര്‍’ ഉണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലിംഗമാറ്റത്തിന് അനുമതി നല്‍കിയതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. സംസ്ഥാനത്ത് ലിംഗമാറ്റത്തിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥയാണ് ദീപിക കോത്താരി.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലിംഗമാറ്റം അനുവദിക്കുന്നതിന് നിലവില്‍ വ്യക്തമായ നിയമങ്ങളൊന്നുമില്ലെന്നും ഉത്തരവില്‍ പറയുന്നു. നിയമ വകുപ്പിന്റെ അഭിപ്രായം തേടിയും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നും ആഭ്യന്തര വകുപ്പ് കൂട്ടിച്ചേര്‍ത്തു. അതേസമയം ലിംഗമാറ്റത്തിന് ശേഷം കോണ്‍സ്റ്റബിളിന് വനിതാ ജീവനക്കാര്‍ക്ക് മാത്രമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും ഉത്തരവില്‍ വ്യവസ്ഥ ചെയ്യുന്നു. 2021-ല്‍ മറ്റൊരു വനിതാ കോണ്‍സ്റ്റബിളായ ആര്‍തി യാദവിന് സമാനമായ അനുമതി ലഭിച്ചിരുന്നു.

Top