സിഎഎ അനുകൂല റാലിയില്‍ പൊലീസ് അതിക്രമം; കേസെടുക്കില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംഘടിപ്പിച്ച റാലിക്ക് നേരെ പൊലീസ് ലാത്തി വീശി. തുടര്‍ന്ന് മര്‍ദ്ദനമേറ്റവര്‍ പരാതിപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് രാജ്ഗഡില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകരെ തല്ലിയ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി രംഗത്തെത്തിയിരുന്നത്. എന്നാല്‍ രാജ്ഗഡ് ജില്ലാ കളക്ടര്‍ നിധി നിവേദിത, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പ്രിയ വര്‍മ എന്നിവര്‍ക്കെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യില്ലെന്ന് സംസ്ഥാന നിയമമന്ത്രി പി.സി ശര്‍മ വ്യക്തമാക്കിയതായാണ്‌
റിപ്പോര്‍ട്ട്.

അതേസമയം, നിരോധനാജ്ഞ ലംഘിച്ച് പ്രദേശത്ത് റാലി സംഘടിപ്പിച്ച 650 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. റാലിയില്‍ പങ്കെടുത്തവരുടെ കയ്യില്‍ ത്രിവര്‍ണ പതാക ഉണ്ടായിരുന്നു. ഇവരെ മര്‍ദ്ദിക്കുകയും പിടിച്ച് മാറ്റുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാരില്‍ 150ഓളം പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

പ്രദേശത്ത് റാലി നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമീപിച്ചിരുന്നെങ്കിലും നിരോധനാഞ്ജ നിലനില്‍ക്കുന്നതിനാല്‍ അനുമതി നിരസിക്കുകയായിരുന്നുവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് രണ്ട് ബിജെപി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

അതേസമയം, ഈ നടപടിക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.

Top