മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; ഒരു സ്ഥാനാർത്ഥിയെ മാത്രം പ്രഖ്യാപിച്ച് ബിജെപിയുടെ മൂന്നാം ഘട്ട പട്ടിക

ഭോപ്പാല്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. പ്രഖ്യാപിച്ചത് ഒരു സ്ഥാനാർത്ഥിയെ മാത്രമാണ്. എസ്ടി മണ്ഡലമായ അമർവാരയിൽ മോണിക്ക ബട്ടി മത്സരിക്കും. അതേസമയം, ബിജെപിയുടെ മധ്യപ്രദേശ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍ക്കും അതൃപ്തിയുണ്ടെന്നുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ശിവരാജ് സിംഗ് ചൗഹാന്റെ മണ്ഡലമായ ബുധ്നി ഒഴിവാക്കിയാണ് ഇതിനോടകം മൂന്ന് സ്ഥാനാര്‍ത്ഥി പട്ടികകള്‍ പുറത്തിറക്കിയത്.

ഇക്കുറി പരിഗണിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയുള്ള അനിശ്ചിതത്വത്തിലാണ് ചൗഹാന് അതൃപ്തി. തന്നോടാലോചിക്കാതെ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിലാണ് കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ അസംതൃപ്തിക്ക് കാരണം. ഇരുപത് വര്‍ഷം മുന്‍പ് ഗ്വാളിയോര്‍ മണ്ഡലത്തില്‍ നിന്ന് തോമര്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് പരാജയപ്പെട്ടതിന് പിന്നാലെ തോമറിനെ കൃഷിമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്നുള്ള അഭ്യൂഹം ശക്തമായിരുന്നു.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രണ്ടാം സ്ഥാനാർഥിപ്പട്ടികയിൽ കേന്ദ്ര മന്ത്രിമാരായ നരേന്ദ്രസിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, ഫഗാൻ സിങ് കുലസ്തേ എന്നിവരെ ഉൾപ്പെടുത്തിയിരുന്നു. രാകേഷ് സിംഗ്, ഗണേഷ് സിംഗ്, റിതി പഠക്, ഉദയ് പ്രതാപ് സിംഗ് തുടങ്ങിയ എംപിമാരും പട്ടികയിലുണ്ട്.

ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയ ഇൻഡോർ–1 മണ്ഡലത്തിലാണ് മത്സരിക്കുക. മൂന്നാം പട്ടികയോടെ ബിജെപി 230 അംഗ നിയമസഭയിലെ 79 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2018 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 114 സീറ്റും ബിജെപിക്കും 109 സീറ്റുമാണ് ലഭിച്ചിരുന്നത്. പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയെയും കൂട്ടരെയും പാളയത്തിലെത്തിച്ചാണ് ബിജെപി ഭരണം പിടിച്ചത്.

Top