അധ്യക്ഷ പദത്തിനായി പിടിവലി ; ജ്യോതിരാദിത്യ സിന്ധ്യ-സോണിയ കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി : മധ്യപ്രദേശ് പി.സി.സി അധ്യക്ഷപദ തർക്കം പൊട്ടിത്തെറിയിലേക്കെത്തിയതോടെ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടൽ. ജോതിരാദിത്യ സിന്ധ്യയുമായി സോണിയ ഗാന്ധി ഇന്ന് ചർച്ച നടത്തും. പത്തു ജൻപഥിലെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച്ച നടത്തുക. കമൽനാഥിനെ നാളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

പിസിസി അധ്യക്ഷനായി തന്നെ നിയമിക്കണം എന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ നിലപാടാണ്‌ പ്രതിസന്ധിക്ക് കാരണം. ജ്യോതിരാദിത്യ സിന്ധ്യക്ക് സംസ്ഥാന അധ്യക്ഷപദവി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. സിന്ധ്യയെ പിന്തുണച്ച് കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും ഫ്‌ളക്‌സുകളും പ്രത്യക്ഷപ്പെട്ടു. കമല്‍നാഥ് മന്ത്രിസഭയിലെ ചില അംഗങ്ങളും സിന്ധ്യക്ക് പിന്തുണയുമായി രംഗത്തിയിരുന്നു.

കമൽനാഥ് മുഖ്യമന്ത്രി ആയതിനാൽ പി.സി.സി അധ്യക്ഷ പദം ഒഴിയണം എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവരുടെ ആവശ്യം. സംസ്ഥാനത്തെ 15 വർഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ചതിൽ സിന്ധ്യക്കും പങ്ക് ഉണ്ടെന്നതിനാൽ അധ്യക്ഷപദം നല്‍കണമെന്ന് സിന്ധ്യ അനുഭാവികൾ വാദിക്കുന്നു.

സിന്ധ്യയും കമൽ നാഥിന്റെ നോമിനിയും അല്ലാതെ മൂന്നാമത് ഒരാൾ എന്ന സാധ്യത കൂടികാഴ്ചയിൽ സോണിയ ​ഗാന്ധി മുന്നോട്ട് വച്ചേക്കും. മുൻ മുഖ്യമന്ത്രി അർജുൻ സിം​ഗിന്റെ മകൻ അജയ് സിം​ഗിന്റെ പേരാണ്‌ ഹൈക്കമാന്‍റിന്‍റെ പരിഗണനയിലുള്ളത്. അതേസമയം സംഭവ വികാസങ്ങൾ പരിശോധിക്കാൻ നിയോഗിച്ച എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്കസമിതി അടുത്തയാഴ്ച റിപ്പോർട്ട് സമർപ്പിക്കും.

Top