ദീപികയുടെ ഛപകിന് നികുതി വേണ്ടെന്ന് മധ്യപ്രദേശ്-ഛത്തീസ്ഗഢ് സര്‍ക്കാരുകള്‍

ഭോപ്പാല്‍: ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം ഛപാകിന് നികുതി വേണ്ടെന്ന് മധ്യപ്രദേശ്-ഛത്തീസ്ഖഡ് സര്‍ക്കാരുകള്‍. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന് ഇരുസംസ്ഥാനങ്ങളും നികുതി ഒഴിവാക്കി നല്‍കിയത്.

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിച്ച് ജെഎന്‍യുവില്‍ എത്തിയ ദീപികയ്ക്ക് നേരെ ബിജെപിയുടെ ഭാഗത്ത് നിന്നും വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ദീപിക പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയാണ് ജെ.എന്‍.യുവില്‍ എത്തിയതെന്നും, രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയ ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്നുമാണ് ബിജെപി ആഹ്വാനം ചെയ്തത്. ഈ അവസരത്തിലാണ് ദീപികയുടെ ചിത്രത്തിന് നികുതി വേണ്ടെന്ന നിലപാടുമായി മധ്യപ്രദേശ്-ഛത്തീസ്ഖഡ് സര്‍ക്കാരുകള്‍ രംഗത്ത് വന്നിരിക്കുന്നത്.

ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഛപക് എന്ന് ചിത്രം ഒരുക്കിയിരിക്കുന്നത്. മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്ന ചിത്രത്തില്‍ മാലതി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്.വിക്രം മാസിയാണു നായകന്‍. 2005-ലാണ് ലക്ഷ്മി അഗര്‍വാളിനെതിരേ ആസിഡ് ആക്രമണമുണ്ടായത്.

Top