തിരുവനന്തപുരം: അട്ടപ്പാടിയില്‍ മധു മര്‍ദനമേറ്റു മരിച്ചതിനു സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ എല്ലാ കുറ്റവാളികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മധുവിന്റെ കൊലപാതക വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ സബ്മിഷനുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മധുവിന്റെ അമ്മയ്ക്ക് 10 ലക്ഷം രൂപ പ്രത്യേക സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. ഈ തുക അടിയന്തരമായി കുടുംബത്തിന് നല്‍കുകാനുള്ള നിര്‍ദേശവും മുഖ്യമന്ത്രി നല്‍കി. എട്ടേകാല്‍ ലക്ഷം രൂപ പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധന നിയമവ്യവസ്ഥ അനുസരിച്ച് നല്‍കും. അതിന്റെ ആദ്യ ഗഡു കഴിഞ്ഞ ദിവസം കുടുംബത്തെ ഏല്‍പ്പിച്ചു. കേസിലെ കുറ്റപത്രം സമര്‍പ്പിച്ചശേഷം അവശേഷിക്കുന്ന തുക നല്‍കുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
സംഭവം നടന്നു മണിക്കൂറുകള്‍ക്കകം 16 പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മരണത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടോയെന്നും പ്രതികള്‍ക്കു വനത്തില്‍ പ്രവേശിക്കാന്‍ അവര്‍ കൂട്ടുനിന്നോയെന്നും അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


