വിശപ്പിന്റെ രക്തസാക്ഷി മധുവിന്റെ സഹോദരി ഇനി കേരള പൊലീസ് സേനയുടെ ഭാഗം

തൃശൂര്‍: ഭക്ഷണം മോഷ്ടിച്ചെന്ന പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കെന്ന വിശപ്പിന്റെ രക്തസാക്ഷി മധുവിന്റെ സഹോദരി കേരള പൊലീസ് സേനയിലേക്ക്. 2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇടപ്പെടലിന്റെ ഭാഗമായാണ് മധുവിന്റെ സഹോദരി ചന്ദ്രിക അഭിമാനാര്‍ഹമായ ചുവടുവയ്ക്കുന്നത്. മധു കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി എ കെ ബാലന്‍ തുടങ്ങിയവര്‍ അട്ടപ്പാടിയിലെ വീട്ടില്‍ എത്തിയിരുന്നു. മധുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായവും നല്‍കിയിരുന്നു. കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പു നല്‍കി.

മധു കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുംമുമ്പെ ചന്ദ്രികയെ കേരള പൊലീസിലേക്ക് പ്രത്യേക നിയമനംവഴി കോണ്‍സ്റ്റബിളായി നിയമിക്കുകയായിരുന്നു. പൊലീസ് അക്കാദമിയില്‍ സ്വന്തം മകളെപ്പോലെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ചന്ദ്രികയെ സഹായിച്ചത്. സഹോദരി സരസു അങ്കണവാടി വര്‍ക്കറും അമ്മ മല്ലി അങ്കണവാടി ഹെല്‍പ്പറുമാണ്.

Top