മധു വധക്കേസ്; ശിക്ഷാവിധി നടപ്പാക്കുന്നത് തടയാനുള്ള പ്രതികളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഏഴ് വര്‍ഷത്തേക്ക് ശിക്ഷിച്ചതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 13 പ്രതികളുടെ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. അതേസമയം കുറ്റവാളികള്‍ എന്ന് കണ്ടെത്തിയവരെ കൊലപാതക കുറ്റത്തിന് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും അപ്പീല്‍ നല്‍കിയിട്ടുണ്ട്.

കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി ഡോ. കെ പി സതീശനെ നിയമിച്ച കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി പി വി ജീവേഷിന്റെ നിയമന വിജ്ഞാപനവും ഹൈക്കോടതിക്ക് കൈമാറും. ഡോ. കെ പി സതീശന്റെ സൗകര്യം കൂടി കണക്കിലെടുത്ത് അപ്പീല്‍ നാളെ പരിഗണിക്കാന്‍ മാറ്റിയേക്കും. ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആണ് അപ്പീല്‍ പരിഗണിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഡോ. കെ പി സതീശനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പ്രോസിക്യൂട്ടറാക്കാന്‍ ആവശ്യപ്പെട്ട് അഡ്വ. പി വി ജീവേഷിന്റെയും രാജേഷ് എം മേനോന്റെയും പേരുകളാണ് കുടുംബം നല്‍കിയിരുന്നത്. അതിന് വിരുദ്ധമായാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മധുവിന്റെ അമ്മ മല്ലിയമ്മ ആരോപിച്ചിരുന്നു.

Top