മധു കൊലക്കേസ്: റിമാൻഡിലായ പ്രതികൾക്ക് ജാമ്യം

പാലക്കാട്: മധു കൊലക്കേസിൽ റിമാൻഡിലായ പതിനൊന്ന് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷൻ പരാതിയെ തുടര്‍ന്നാണ് ഇവരെ നേരത്തെ കോടതി റിമാൻഡ് ചെയ്തത്. കര്‍ശന ഉപാധികളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം നൽകിയിരിക്കുന്നത്.

എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയിൽ ഹാജരാവണം, മധുവിൻ്റെ അമ്മ, സഹോദരി തുടങ്ങി ഒരു ബന്ധുകളേയും കാണാൻ പാടില്ല, രാജ്യം വിട്ടു പോകരുത്, ഇതിനോടം വിസ്തരിച്ച സാക്ഷികളെയോ ഇനി വിസ്തരിക്കാനുള്ള സാക്ഷികളെയോ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും മണ്ണാര്‍ക്കാട് എസ്.സി – എസ്.ടി കോടതിയുടെ ഉത്തരവിൽ പറയുന്നു.

മധു കൊലക്കേസിൽ ദൃക്സാക്ഷികളുടെ വിസ്താരം ഇന്നത്തോടെ പൂര്‍ത്തിയായിട്ടുണ്ട് നേരത്തെ വിസ്തരിച്ച രണ്ട് സാക്ഷികളെ ഇന്ന് വീണ്ടും വിളിപ്പിച്ച് മൊഴിയെടുത്തു. ഇവരിൽ നേരത്തെ കൂറുമാറിയ സാക്ഷി ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പത്തൊൻപതാം സാക്ഷി കക്കിയാണ് ഇന്ന് പ്രതിഭാഗത്തിന് അനുകൂലമായി നേരത്തെ നൽകിയ മൊഴി മാറ്റി പറഞ്ഞത്.

നേരത്തെ കൂറ് മാറിയത് പ്രതികളെ പേടിച്ചിട്ടായിരുന്നുവെന്ന് ഇന്ന് കോടതിയിൽ നടന്ന വിസ്താരത്തിനിടെ കക്കി വ്യക്തമാക്കി. പോലീസിനും മജിസ്‌ട്രേറ്റിനും നൽകിയ മൊഴിയാണ് സത്യം. ആദ്യം വിസ്തരിച്ചപ്പോൾ പ്രതികൾ ജാമ്യത്തിലായിരുന്നതിനാൽ പേടിച്ചിട്ടാണ് കൂറുമാറിയതെന്നും ഇപ്പോൾ കുറ്റബോധം മാറിയെന്നും കക്കി പറഞ്ഞു. കൂറുമാറിയ മറ്റൊരു സാക്ഷിയായ കക്കിയെയും ഇന്ന് വീണ്ടും വിസ്തരിച്ചു. മുമ്പ് വിട്ടുപോയ ചില കാര്യങ്ങളിൽ വ്യകതത വരുത്താനായിരുന്നു വീണ്ടും വിളിച്ചു വരുത്തിയത്.

Top