രാഷ്ട്രീയ പ്രവേശനം; രജനിക്കും കമലിനും . . പൂര്‍ണ്ണമായ പിന്തുണ നല്‍കി നടന്‍ മാധവന്‍

madhavan_kamal

ചെന്നൈ: തമിഴ് നടന്മാരായ കമലഹാസന്‍, രജനികാന്ത് എന്നിവരുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് നടന്‍ മാധവന്‍. ‘ജനങ്ങളുടെ ക്ഷേമത്തിന് സംഭാവന ചെയ്യാന്‍ കഴിവുള്ളവര്‍ രാഷ്ട്രീയ രംഗത്തേക്ക് വരണമായിരുന്നു. അത് സംഭവിച്ചു. എനിക്കുറപ്പുണ്ട് രണ്ടുപേര്‍ക്കും ഇക്കാര്യത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്നെന്നും’ മാധവന്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഇപ്പോള്‍ നടമാടുന്ന അഴിമതിക്കും, കെടും കാര്യസ്ഥതയ്ക്കുമെതിരെ രാഷ്ട്രീയത്തിലൂടെ പോരാട്ടം നടത്തുമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുമെന്നുമാണ് കമലഹാസനും, രജനികാന്തും തങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയായി മുന്നോട്ട് വെച്ചത്.

ഡിസംബര്‍ അവസാനത്തോടെ രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. അതേസമയം, കമലഹാസന്‍ തന്റെ പാര്‍ട്ടി പ്രഖ്യാപനവും, തമിഴ്‌നാട് യാത്രയും ഫെബ്രുവരി 21-ന് പ്രഖ്യാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

എന്നാല്‍, കമലിന്റെ രാഷ്ട്രീയ പ്രവേശനവും , തമിഴ്‌നാട് യാത്രയും തങ്ങളെ ബാധിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് ഡെപ്യൂട്ടി മുഖ്യമന്ത്രി പനീര്‍ശെല്‍വം രംഗത്തെത്തിയിരുന്നു.

Top