ഈ വര്‍ഷത്തെ പ്രളയത്തിനു കാരണം മഴ, കഴിഞ്ഞ പ്രളയത്തിനു കാരണം ഡാം എന്ന് ഗാഡ്ഗില്‍

മലപ്പുറം : ഈ വര്‍ഷം കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മിതമല്ലെന്നു പശ്ചിമഘട്ട പരിസ്ഥിതി പഠനത്തിന് നേതൃത്വം നല്‍കിയ മാധവ് ഗാഡ്ഗില്‍. വര്‍ഷങ്ങളായി പരിസ്ഥിതി ചൂഷണത്തിനിരയായി നില്‍ക്കുന്ന കേരളം അതിശക്തമായ മഴയെ തുടര്‍ന്നാണ് ഈ വര്‍ഷം പ്രളയത്തെ നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കഴിഞ്ഞ വര്‍ഷം ഡാം മാനേജ്‌മെന്റിലുണ്ടായ പാകപ്പിഴകളാണ് പ്രളയത്തിനു കാരണമായത്. ജെസിബി പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന കുന്നിടിക്കലും നിരത്തലും പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട പരിസ്ഥിതി പഠന വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ സംബന്ധിച്ച് കേരളത്തില്‍ ഒട്ടേറെ തെറ്റിദ്ധാരണകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമിതിയുടെ ശിപാര്‍ശകളില്‍ പറയുന്നതനുസരിച്ച് പശ്ചിമഘട്ടത്തിലെ എല്ലാ പ്രദേശങ്ങളും വാസയോഗ്യമല്ല എന്ന പ്രചാരണം ശരിയല്ല. സമിതിയുടെ റിപ്പോര്‍ട്ട് വിശദമല്ല. ഈ മേഖലയെപ്പറ്റിയുള്ള സാമാന്യമായ നിര്‍ദേശങ്ങള്‍ മാത്രമാണു റിപ്പോര്‍ട്ടിലുള്ളതെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു.

Top