മദീന പള്ളിയില്‍ സുരക്ഷാ ഡ്യൂട്ടിക്കായി വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചു

മദീന: മക്കയിലെ ഗ്രാന്റ് മസ്ജിദിനു പിന്നാലെ മദീനയിലെ പ്രവാചക പള്ളിയിലും ഇനി കാവലാകാന്‍ വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇവിടെ സന്ദര്‍ശകരായെത്തുന്നവര്‍ക്ക് പ്രത്യേകിച്ച് വനിതാ തീര്‍ഥാടകര്‍ക്ക് കരുതലൊരുക്കാന്‍ ഇനി ഈ വനിതാ ഉദ്യോഗസ്ഥരുമുണ്ടാവും. മക്കയിലെയും മദീനയിലെയും പള്ളികളില്‍ വനിതകള്‍ സുരക്ഷാ ചമതലയില്‍ നിയമിക്കപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്. കഴിഞ്ഞ ദിവസമാണ് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ സുരക്ഷാ ഡ്യൂട്ടിക്കായി വനിതാ ഉദ്യോഗസ്ഥര്‍ നിയമിതരായത്. മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ പ്രവേശന കവാടത്തില്‍ വനിതാ ഉദ്യോഗസ്ഥ യൂനിഫോമില്‍ കാവല്‍ നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സൗദി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു.

99 പേരടങ്ങുന്നതാണ് ആദ്യ ബാച്ചെന്ന് മദീന പോലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ മഷ്ഹാന്‍ അറിയിച്ചു. പ്രവാചകന്റെ ഖബറിടമായ റൗദ ശരീഫിലേക്കുള്ള സ്ത്രീകളുടെ സന്ദര്‍ശനത്തിന് ആവശ്യമായ സഹായങ്ങളൊരുക്കാന്‍ വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ എളുപ്പമാവുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം വനിതകള്‍ക്കായുള്ള പ്രാര്‍ഥനാ ഹാളുകളില്‍ കൊവിഡ് പശ്ചാത്തലത്തില്‍ അതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാല്‍ വനിതാ സംഘം സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.

Top