തീർത്ഥാടകരുടെ ബസ് കത്തിയ സംഭവം; മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും

മദീന : മദീനയിലുണ്ടായ ബസ് തീപിടുത്ത ദുരന്തത്തില്‍ മരിച്ചവരില്‍ ഒരു ഇന്ത്യക്കാരനും. ബോംബെ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ ഭാര്യ നിസാര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ രാത്രി മദീന – മക്ക പാതയില്‍ വെച്ച് ബസിനു തീപിടിച്ചു മുപ്പത്തി അഞ്ചു തീര്‍ത്ഥാടകരാണ് മരിച്ചത്.

മദീനയില്‍ നിന്നും മക്കയിലേക്കുള്ള ഹിജ്റ റോഡില്‍ അല്‍ അഖല്‍ എന്ന സ്ഥലത്തുവെച്ചാണ് ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചത്. ബസ് മറ്റൊരു മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിക്കുകയും പെട്ടെന്ന് തീപിടിക്കുകയുമായിരുന്നു. ബസിലുണ്ടായിരുന്ന 39 പേരില്‍ 35 പേരും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.

മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഏഷ്യന്‍ അറബ് വംശജരാണ് ബസിനകത്തുണ്ടായിരുന്നത്. മരിച്ചവരിലധികവും പാക്കിസ്ഥാന്‍ സ്വദേശികളാണ്. റിയാദില്‍ ബംഗ്ലാദേശികളുടെ നേതൃത്വത്തിലുള്ള ദാറുല്‍ മീഖാത്ത് ഉംറ ഗ്രൂപ്പിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. റിയാദില്‍ നിന്നും 4 ദിവസത്തെ ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായ് പുറപ്പെട്ട സംഘമായിരുന്നു ഇവര്‍.

Top