സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍

ബാംഗ്ലൂര്‍: ലോക മാനസികാരോഗ്യ ദിനത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ ഇന്ത്യയിലെ ആധുനിക സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താത്പര്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ലോകമാനസികാരോഗ്യദിനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോളജിക്കല്‍ സയന്‍സസ് (നിംഹാന്‍സ്) വേദിയില്‍വെച്ചായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍.

‘ഇന്ന് ഇത് പറയേണ്ടി വരുന്നതില്‍ ഞാന്‍ ഖേദിക്കുന്നു. രാജ്യത്തെ ആധുനിക സ്ത്രീകളില്‍ ഭൂരിഭാഗവും അവിവാഹിതരായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അഥവാ വിവാഹത്തിന് തയ്യാറായാല്‍ തന്നെ ഗര്‍ഭം ധരിക്കാനോ പ്രസവിക്കാനോ അവര്‍ക്ക് താത്പര്യമില്ല. പകരം വാടക ഗര്‍ഭധാരണത്തിലേക്കാണ് നീങ്ങുന്നത്. ചിന്തകളില്‍ വരുന്ന മാറ്റത്തിന്റെ ഫലമാണത്. ഇതൊന്നും നല്ലതിനല്ല’; മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തില്‍ പാശ്ചാത്യ സ്വാധീനം വര്‍ദ്ധിക്കുന്നെന്ന വിലാപത്തോടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ‘സ്വന്തം മാതാപിതാക്കളെ തങ്ങളോടൊപ്പം താമസിപ്പിക്കാന്‍ ഈ തലമുറ അനുവദിക്കുന്നില്ല പിന്നെയല്ലേ മുത്തച്ഛനെയും മുത്തശ്ശിയെയും കൂടെ താമസിപ്പിക്കുന്നത്’ സുധാകര്‍ പറഞ്ഞു.

ഇന്ത്യയില്‍ ഏഴിലൊരാള്‍ എന്ന നിരക്കില്‍ ആളുകള്‍ ഏതെങ്കിലുമൊരു മാനസിക പ്രശ്‌നമുള്ളവരാണ്. എന്നിരുന്നാലും, യോഗ, ധ്യാനം, പ്രാണായാമം എന്നിങ്ങനെ നമ്മുടെ പൂര്‍വ്വികര്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തെ പഠിപ്പിച്ച അത്ഭുതകരമായ ഉപകരണങ്ങളുപയോഗിച്ച് മാനസിക സംഘര്‍ഷങ്ങളെ നേരിടാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കൊവിഡ് 19 രോഗികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയതില്‍ കര്‍ണാടക വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും കെ സുധാകര്‍ പറഞ്ഞു. കര്‍ണാടകയില്‍ 24 ലക്ഷം കൊവിഡ് രോഗികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയെന്നാണ് മന്ത്രിയുടെ അവകാശവാദം.

Top