മഅദനിയുടെ അപേക്ഷ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും

madani

ന്യൂഡല്‍ഹി: ബംഗളൂരു സ്ഫോടന കേസ് പ്രതി അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം. 2003 ല്‍ കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ അഭിഭാഷകന്‍ എന്ന നിലയില്‍ മദനിക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്ന് ജസ്റ്റിസ് രാമസുബ്രഹ്മണ്യം അറിയിച്ചു. ഇതേ തുടര്‍ന്ന് മദനിയുടെ അപേക്ഷ പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് അബ്ദുള്‍ നാസര്‍ മദനിയുടെ അപേക്ഷ ഇന്ന് ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ അപേക്ഷ പരിഗണനയ്ക്ക് എടുത്തപ്പോള്‍ തന്നെ 2003 ല്‍ കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ മദനിക്ക് വേണ്ടി ഹാജരായിരുന്ന കാര്യം ജസ്റ്റിസ് രാമസുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുന്നതായും ജസ്റ്റിസ് രാമസുബ്രഹ്മണ്യം അറിയിച്ചു.

അബ്ദുല്‍ നാസര്‍ മദനിക്ക് വേണ്ടി അഭിഭാഷകരായ ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവരാണ് ഇന്ന് കോടതിയില്‍ ഹാജരായിരുന്നത്. ജസ്റ്റിസ് രാമസുബ്രഹ്മണ്യം പിന്മാറിയതിനാല്‍ ഇവരുടെ വാദം കോടതി ഇന്ന് കേട്ടില്ല.

Top