ബീഹാറില്‍ പുതിയ പാര്‍ട്ടി അദ്ധ്യക്ഷന്‍; സവര്‍ണ്ണ രാഷ്ട്രീയം പയറ്റി കോണ്‍ഗ്രസ്

congress

ബീഹാര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മദന്‍ മോഹന്‍ ജാ ബീഹാറില്‍ കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു. മിതിലാഞ്ചല്‍ വിഭാഗത്തിന്റെ അറിയപ്പെടുന്ന നേതാവും ബ്രാഹ്മണനായ ആദ്യത്തെ കോണ്‍ഗ്രസ് പ്രസിഡന്റുമാണ് അദ്ദേഹം. ഒബിസി, ദളിത് രാഷ്ട്രീയത്തില്‍ നിന്ന് മാറി ഉയര്‍ന്ന ജാതി രാഷ്ട്രീയത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചിരിക്കുകയാണ് ബീഹാര്‍ കോണ്‍ഗ്രസെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ദളിത് നേതാവായിരുന്ന അശോക് കുമാര്‍ ചൗധര്യയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും നേതൃത്വം മാറ്റിയിരുന്നു. ഈ ഒഴിവിലേക്കാണ് ഇപ്പോള്‍ മദന്‍ മോഹന്‍ ജാ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചൗധരി ഇപ്പോള്‍ ജെഡിയുവിന്റെ കൂടെയാണ്. മുന്‍ ബിപിസിസി പ്രസിഡന്റ് ചൗധരി മെഹബൂബ് അലി ഖ്വയ്‌സര്‍ നേരത്തെ പാര്‍ട്ടി വിട്ടിരുന്നു.

പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനൊപ്പം 23 അംഗ വര്‍ക്കിംഗ് കമ്മറ്റിയെയും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. പ്രേംചന്ദ്ര മിശ്ര, ഷകീല്‍ ഖാന്‍, അമിതാ ഭൂഷണ്‍ തുടങ്ങിയവരടങ്ങിയതാണ് കമ്മറ്റി. 19 അംഗ ഉപദേശക സമിതിയെയും തെരഞ്ഞെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്.

2019 തെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണ്ണായകമായ സംസ്ഥാനമാണ് ബീഹാര്‍. ഇവിടെയാണ് കോണ്‍ഗ്രസ് സവര്‍ണ്ണ രാഷ്ട്രീയം പയറ്റുന്നത്. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ശിവഭക്തന്‍ എന്ന വരികളോടെ പോസ്റ്റ് ചെയ്ത ചിത്രം വലിയ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് ഹിന്ദു രാഷ്ട്രീയം പയറ്റുകയാണ് എന്ന ആരോപണങ്ങള്‍ വരുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ സവര്‍ണ്ണനെ ബിപിസിസി പ്രസിഡന്റാക്കിയിരിക്കുന്നത്.

കൈലാസ് മാനസരോവര്‍ യാത്രകളിലും രാഹുല്‍ ഗാന്ധിയ്ക്ക് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

Top