മഞ്ഞക്കുപ്പായക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഫ്രഞ്ച് പ്രസിഡണ്ട് ; തുറന്ന കത്തുമായി മാക്രോണ്‍

പാരീസ്:രണ്ടു മാസം നീളുന്ന ‘ദേശീയ മഹാസംവാദ’ത്തിന് തുടക്കമിട്ട് തുറന്ന കത്തുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. 2,330 വാക്കുകളുള്ള ഒരു കത്താണ് മാക്രോണ്‍ മുന്നോട്ട് വെച്ചത്.

2017ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുമ്പോട്ടു വെച്ച ആശയങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന് മാക്രോണ്‍ കത്തിലൂടെ വ്യക്തമാക്കി. ‘ഒരു ചോദ്യവും നിരോധിക്കപ്പെട്ടിട്ടില്ല’, എല്ലാം സാധാരണരീതിയില്‍ പോകുന്നുവെന്ന് താന്‍ വാദിക്കില്ലെന്നും അതുതന്നെയാണ് ജനാധിപത്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും കുറഞ്ഞത് കാഴ്ചപ്പാടുകള്‍ പരസ്പരം കൈമാറുന്നതിനും ചര്‍ച്ചയിലേര്‍പ്പെടുന്നതിനുമുള്ള സാഹചര്യം ഇല്ലാതായിട്ടില്ലെന്ന് കാണേണ്ടതുണ്ട്.

അതേസമയം ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭം തുടരുന്നു. ഒമ്പത് ആഴ്ചയായി ജനകീയ പ്രതിഷേധം തുടരുകയാണ്.സര്‍ക്കാര്‍ വിരുദ്ധമുദ്രാവാക്യവുമായി നിരത്തിലിറങ്ങിയ ജനങ്ങളെ പിരിച്ചു വിടാന്‍ പോലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു.

എണ്ണവില വര്‍ധന, ജീവിതച്ചെലവ് വര്‍ധിക്കുന്നത് തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. പാരീസിന് പുറമെ മറ്റു നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. 80,000 പോലീസുകാരാണ് രാജ്യത്താകമാനം പ്രതിഷേധക്കാരെ തടുക്കാന്‍ വിന്ന്യസിച്ചിരിക്കുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 244 പേരെ അറസ്റ്റ് ചെയ്തതില്‍ 201 പ്രതിഷേധക്കാരെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ചകളിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിഷേധക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 84,000 പേരാണ് പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങിയത്. എണ്ണവില വര്‍ധനവിനെതിരെയാണ് പ്രക്ഷോഭം തുടങ്ങിയതെങ്കിലും മറ്റ് പലകാര്യങ്ങളും പ്രതിഷേധക്കാര്‍ മുന്നോട്ട് വെക്കുന്നുണ്ട്

Top