മച്ചാട് മരംമുറി; ഉത്തരവ് റദ്ദാക്കിയിട്ടും പാസ് അനുവദിച്ചെന്ന്

തൃശൂര്‍: മരം മുറിക്കാന്‍ പാസുകള്‍ അനുവദിച്ചതില്‍ ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയതിന് ശേഷവും മച്ചാട് റെയ്ഞ്ചിന് കീഴില്‍ മരംമുറിക്കാന്‍ പാസ് അനുവദിച്ചുകൊടുത്തു. ഉത്തരവ് റദ്ദാക്കിയ ഫെബ്രുവരി രണ്ടിന് ശേഷം, ഫെബ്രുവരി നാലിന് മരംമുറിക്കാന്‍ പാസ് അനുവദിച്ചതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്.

വിവാദ ഉത്തരവ് മറയാക്കിക്കൊണ്ട് തൃശൂരിലും ഗുരുതരമായ മരംകൊള്ള നടന്നതായാണ് വനംവകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. ഫെബ്രുവരി നാലിന് മച്ചാട് റെയ്ഞ്ചില്‍ നിന്നും ഒപ്പിട്ടു നല്‍കിയ പാസിന്റെ പകര്‍പ്പാണ് പുറത്തുവന്നിരിക്കുന്നത്. തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിക്കുന്നതിനാണ് ഈ അനുമതി.

മച്ചാട് റെയ്ഞ്ചിലെ ഇളനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ഫാത്തിമ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഈ പാസ് അനുവദിച്ചിരിക്കുന്നത്. തൃശൂരിലെ മൂന്ന് റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള മരംമുറി നടന്നെന്ന വനംവകുപ്പിന്റെ കണ്ടെത്തലിന് പിന്നാലെയാണ് ഉത്തരവ് റദ്ദാക്കിയിട്ടും പാസ് അനുവദിച്ച് നല്‍കിയത്.

 

Top