കൈനീട്ടിയ നാട്ടുകാര്‍ക്കൊക്കെ വാരിക്കോരി കൊടുത്തു; ജീവന്‍ കാത്ത പനങ്ങാട്ടുകാര്‍ക്ക് ജീവിതം നല്‍കി യൂസഫലി

കൊച്ചി: ഹെലികോപ്റ്റര്‍ അപകട സമയത്ത് കൂടെനിന്ന പനങ്ങാട്ടെ നാട്ടുകാരെ ചേര്‍ത്തുപിടിച്ച് യൂസഫലി. ‘ഹെലികോപ്റ്റര്‍ അപകടമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയത് ഇവരാണ്’. ചുമട്ടുതൊഴിലാളിയായ മാടവന കുറ്റിക്കാട് വീട്ടില്‍ രാജേഷ് ഖന്നയുടെയും ഭാര്യ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ എ.വി. ബിജിയുടെയും വീട്ടിലെത്തിയപ്പോള്‍ യൂസഫലി പറഞ്ഞു. ‘ഞാന്‍ ആരാണെന്നൊന്നും അറിയാതെയാണ് ഇവര്‍ സഹായിച്ചത്. ഇവരോട് എന്തു പ്രത്യുപകാരം ചെയ്താലും മതിയാകില്ല’.

രാജേഷിനു രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും ഭാര്യ ബിജിക്ക് 10 പവന്റെ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും മകന്‍ ഒരു വയസ്സുള്ള ദേവദര്‍ശനു മിഠായിപ്പൊതികളും യൂസഫലി സമ്മാനിച്ചു. രാജേഷിന്റെ പിതൃ സഹോദരന്റെ മകള്‍ വിദ്യയുടെ വിവാഹത്തിനു സ്വര്‍ണമാല സമ്മാനമായി നല്‍കാനും ജീവനക്കാരോടു നിര്‍ദേശിച്ചു.

അപകടം നടന്ന സ്ഥലവും യൂസഫലി സന്ദര്‍ശിച്ചു. ആ സ്ഥലത്തിന്റെ ഉടമസ്ഥന്‍ പീറ്റര്‍ നിക്കോളസിനെയും കുടുംബത്തെയും കണ്ടു നന്ദി പറഞ്ഞ യൂസഫലി അവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി.

അവിടെ നിന്നു മടങ്ങുന്നതിനിടയില്‍ കാഞ്ഞിരമറ്റം സ്വദേശി ആമിന കയ്യിലോരു തുണ്ടുകടലാസില്‍ പരിഭവവുമായി കാണാനെത്തി. 5 ലക്ഷം രൂപ വായ്പയെടുത്തതു കാരണം ആമിനയുടെ വീട് ജപ്തി ഭീഷണിയിലാണ്. ജപ്തി ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയ ശേഷം യൂസഫലി ആമിനയോടു പറഞ്ഞു. ‘ജപ്തിയുണ്ടാകില്ല, പോരേ’. നിറഞ്ഞ കണ്ണുകളോടെ ആമിന കൈകൂപ്പി.

ഏപ്രില്‍ 11നാണു യൂസഫലിയും ഭാര്യയുമുള്‍പ്പെടെ 7 പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ പനങ്ങാട് പൊലീസ് സ്റ്റേഷനു സമീപമുള്ള ചതുപ്പില്‍ ഇടിച്ചിറങ്ങിയത്. നെട്ടൂരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ കടവന്ത്രയിലെ വീട്ടില്‍ നിന്നുള്ള യാത്രയ്ക്കിടയിലായിരുന്നു അപകടം.

കാലാവസ്ഥ മോശമായിരുന്നെങ്കിലും പൈലറ്റിന്റെ പിഴവാണ് അപകടത്തിന് ഇടയാക്കിയതെന്നാണു ഡിജിസിഎ അന്വേഷണത്തില്‍ മനസ്സിലായതെന്നു യൂസഫലി പറഞ്ഞു. ഹെലികോപ്റ്ററിനു സാങ്കേതിക പിഴവുകളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തെ തുടര്‍ന്നു നട്ടെല്ലിനു ശസ്ത്രക്രിയയ്ക്കു വിധേയനായ യൂസഫലി 4 മാസത്തോളം വിശ്രമത്തിലായിരുന്നു.

Top