യൂസഫലിക്കെതിരെ വ്യാപക പ്രതിഷേധം, തുറന്ന് കാട്ടപ്പെടുന്നത് കച്ചവട താൽപ്പര്യം !

പ്രവാസി വ്യവസായി എം.എ യൂസഫലിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ചെക്ക് കേസില്‍ അകത്തായ ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാറിനെ പുറത്തിറക്കാന്‍ സഹായിച്ചതാണ് യൂസഫലിക്ക് വിനയായിരിക്കുന്നത്.

തുഷാറിനെതിരെ കേസ് നല്‍കിയ നാസില്‍ അബ്ദുള്ള യു.എ.ഇ ജയിലിലായിട്ടും സഹായിക്കാത്ത യൂസഫലിയുടെ ഇരട്ടതാപ്പ് നയമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. തുഷാര്‍ വെള്ളാപ്പള്ളി വരുത്തിവച്ച ബാധ്യത മൂലമാണ് തനിക്ക് ജയിലില്‍ പോകേണ്ടി വന്നതെന്നാണ് പരാതിക്കാരനായ നാസില്‍ പറയുന്നത്.

തുഷാര്‍ നല്‍കാനുള്ള പണം മുന്നില്‍ കണ്ട് ചെക്ക് നല്‍കിയതാണ് നാസിലിന് വിനയായിരുന്നത്. അന്ന് നാസിലിനോട് കാണിക്കാത്ത പരിഗണന ഇപ്പോള്‍ യൂസഫലി തുഷാറിന്റെ കാര്യത്തില്‍ കാണിക്കുന്നതിലാണ് സോഷ്യല്‍ മീഡിയയുടെ രോഷം മുഴുവന്‍.

യൂസഫലിയുടെ പേജില്‍ ചെന്നും അനവധി പേര്‍ രൂക്ഷമായാണ് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍ ഇന്നുവരെ നേരിടാത്ത വിമര്‍ശനങ്ങളാണ് ഈ വ്യവസായി ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. യൂസഫലിയുടെ സ്വാര്‍ത്ഥ താല്‍പ്പര്യവും കച്ചവട താല്‍പ്പര്യവുമാണ് അദ്ദേഹത്തിന്റെ സഹായങ്ങള്‍ക്ക് പിന്നിലെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു.

ചെക്ക് കേസില്‍പ്പെട്ട് അകത്തായവരില്‍ സ്വന്തം ജീവനക്കാര്‍ ഉള്‍പ്പെടെ അനവധി പേര്‍ ഉണ്ടായിട്ടും യൂസഫലി തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് മറ്റൊരു ആരോപണം. നിരവധി പേരാണ് ഇത്തരം ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയ നേതാവായാലും സാമുദായിക നേതാവായാലും യൂസഫലി കൈ കൊടുക്കുന്നതിന് പിന്നില്‍ വ്യക്തമായ താല്‍പ്പര്യം ഉണ്ടെന്നാണ് ഈ വിഭാഗം പറയുന്നത്.

കേരളത്തില്‍ ഏത് സര്‍ക്കാര്‍ ഭരിച്ചാലും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പദവിയില്‍ നിന്നും യൂസഫലിയെ മാറ്റാത്തതും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ യൂസഫലിയുടെ സ്വാധീനത്തിന് ഒരു പ്രധാന കാരണം ഇന്ത്യയിലെ ഭരണാധികാരികളുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

തുഷാറിനെ പുറത്തിറക്കിയത് മനുഷ്യ സ്നേഹമാണെന്ന് പറഞ്ഞാല്‍ പിന്നെ യഥാര്‍ത്ഥ മനുഷ്യസ്നേഹത്തെ എന്താണ് വിളിക്കുക എന്നതും പ്രസക്തമായ ചോദ്യം തന്നെയാണ്.

തുഷാര്‍ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം വിമര്‍ശനം നേരിടുന്നത് യൂസഫലിയും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി അയച്ച കത്തിനെ ന്യായീകരിച്ച മന്ത്രി ഇ.പി ജയരാജനെതിരെയും ഇപ്പോള്‍ പ്രതിഷേധം രൂക്ഷമാണ്. തുഷാര്‍ വിഷയത്തില്‍ ശക്തമായി പ്രതികരിക്കാത്തതിനെ ചൊല്ലി യു.ഡി.എഫിലും ഭിന്നത രൂപപ്പെട്ടിട്ടുണ്ട്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, വി.എം സുധീരന്‍, പി.സി വിഷ്ണുനാഥ്, വി.ഡി.സതീശന്‍, എ.എ ഷുക്കൂര്‍ എന്നിവര്‍ തുഷാറിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന നിലപാടിലാണ്. ഇതു സംബന്ധമായ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും നേതൃത്വം വിലക്കിയതും കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. വെള്ളാപ്പള്ളി കുടുംബത്തിന്റെ അവസരവാദ നിലപാടുകളെ തുറന്ന് കാട്ടണമെന്നതാണ് കോണ്‍ഗ്രസ്സിലെ പൊതുവികാരം. ഇക്കാര്യത്തില്‍ കടുത്ത നിലപാടുള്ള മറ്റൊരു വിഭാഗം സി.പി.എം പ്രവര്‍ത്തകരാണ്. ഒരു കാരണവശാലും തുഷാര്‍ വെള്ളാപ്പള്ളിയെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണവര്‍.

മുഖ്യമന്ത്രി തുഷാറിന് വേണ്ടി കത്തയച്ചതിലും ന്യായീകരിച്ച് ഇ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വന്നതിലും സഖാക്കള്‍ വലിയ കലിപ്പിലാണ്. തുഷാറിനോട് കച്ചവടക്കാരനായ യൂസഫലിക്കുള്ള താല്‍പ്പര്യം ഇടതുപക്ഷ സര്‍ക്കാറിന് ഉണ്ടാവേണ്ട കാര്യമില്ലെന്നാണ് പ്രവര്‍ത്തകരുടെ വാദം. എന്‍.ഡി.എ കണ്‍വീനറെ സഹായിക്കാന്‍ എന്‍.ഡി.എ മന്ത്രിക്ക് കത്തയക്കുക വഴി പൊതു സമൂഹത്തില്‍ അപമാനിക്കപ്പെട്ടു എന്ന വികാരമാണ് സി.പി.എം പ്രവര്‍ത്തകര്‍ക്കുള്ളത്. വെള്ളാപ്പള്ളിയുടെയും മകന്റെയും മുന്‍കാല നിലപാടുകള്‍ മറക്കരുതെന്ന മുന്നറിയിപ്പും അണികള്‍ നേതാക്കള്‍ക്ക് നല്‍കുന്നുണ്ട്.

ഇതിനിടെ കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിനെ കുറിച്ച് വെള്ളാപ്പള്ളി മുന്‍പ് പറഞ്ഞതുമിപ്പോള്‍ വീണ്ടും സജീവമായിട്ടുണ്ട്. നൗഷാദ് മുസ്ലിം ആയതു കൊണ്ടാണ് സര്‍ക്കാര്‍ സഹായധനം അനുവദിച്ചതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം. മുസ്ലീമായി മരിക്കാന്‍ കൊതി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് വെള്ളാപ്പള്ളിക്ക് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നേരിടേണ്ടി വന്നിരുന്നത്.

ഇന്ന് വെള്ളാപ്പള്ളിയെ നവോത്ഥാന നായകനാക്കിയ ഇടതുപക്ഷമാണ് ഏറ്റവും ശക്തമായി വിവാദ പരാമര്‍ശത്തിനെതിരെ അന്ന് രംഗത്ത് വന്നിരുന്നത്. രൂക്ഷമായി പ്രതികരിച്ചതാവട്ടെ പിണറായി വിജയന്‍ തന്നെയായിരുന്നു.

നൗഷാദിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അധിക്ഷേപം മനുഷ്യത്വമില്ലായ്മയും വെളിവില്ലായ്മയുമാണെന്നാണ് പിണറായി അന്ന് പറഞ്ഞിരുന്നത്. കേരളത്തിലെ തൊഗാഡിയ ആകാന്‍ നോക്കുന്ന വെള്ളാപ്പള്ളി വര്‍ഗീയ വിഷം വമിപ്പിക്കുകയാണെന്നും അപകടത്തില്‍ പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തു ചാടിയതെന്നും പിണറായി തുറന്നടിച്ചിരുന്നു. ആ ത്യാഗത്തെ നാടാകെ വിലമതിക്കുന്നു. ഈ പ്രഭ ഇല്ലാതാക്കാന്‍ ഒരു വര്‍ഗീയ ഭ്രാന്തിനും കഴിയില്ലെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയിരുന്നത്.

വര്‍ഗീയ വിഷം ചീറ്റുന്നതില്‍ ആര്‍.എസ്.എസിനോടു മത്സരിക്കാന്‍ വെളളാപ്പളളി തീരുമാനിച്ച മട്ടാണെന്നാണ് തോമസ് ഐസകും വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. മരണത്തോടു മല്ലിടുന്ന രണ്ടു പാവങ്ങളെ രക്ഷിക്കാന്‍ രണ്ടുവട്ടം ആലോചിക്കാതെ തുനിഞ്ഞിറങ്ങിയ നൗഷാദിനെക്കുറിച്ചു വെളളാപ്പളളിയുടെ നാവില്‍ നിന്നു വീണ വാചകങ്ങള്‍ വര്‍ഗീയത മാത്രമല്ല, മനുഷ്യത്വരഹിതവും കൂടിയാണെന്നും ഐസക് കുറ്റപ്പെടുത്തിയിരുന്നു.

വെള്ളാപ്പള്ളി നടേശന് വര്‍ഗീയഭ്രാന്താണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശേഷിപ്പിച്ചിരുന്നത്. ചങ്ങലയ്ക്കിടേണ്ട വര്‍ഗീയഭ്രാന്തിലാണ് താനെന്ന വിളംബരമാണ് ഇത്തരം പ്രസ്താവനകളിലൂടെ വെള്ളാപ്പള്ളി നടത്തിയിരിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു.

ശ്രീനാരായണസൂക്തങ്ങള്‍ പറയേണ്ട വെള്ളാപ്പള്ളി നടേശന്‍, പ്രവീണ്‍ തൊഗാഡിയയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നായിരുന്നു ടി.വി. രാജേഷ് എം.എല്‍.എ തുറന്നടിച്ചിരുന്നത്. നാട്ടില്‍ വര്‍ഗീയകലാപം സൃഷ്ടിക്കുന്ന തരത്തില്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തയാറാകണമെന്നും ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ ടി.വി. രാജേഷ് ആവശ്യപ്പെട്ടിരുന്നു. ആര്‍.എസ്.എസ് ക്യാമ്പില്‍ ചേക്കേറിയ വെള്ളാപ്പള്ളിക്ക് ശ്രീനാരായണദര്‍ശനങ്ങളെക്കുറിച്ച് പറയാന്‍ യാതൊരു അവകാശവുമില്ലെന്നും ടി.വി. രാജേഷ് തുറന്നടിച്ചിരുന്നു.

ഇങ്ങനെ രൂക്ഷമായി വെള്ളാപ്പള്ളി നടേശനെതിരെ യു.ഡി.എഫ് ഭരണകാലത്ത് പ്രതികരിച്ചവരാണിപ്പോള്‍ വെട്ടിലായിരിക്കുന്നത്. തുഷാറിന്റെ മോചനത്തോടൊപ്പം നൗഷാദിന്റെ മരണം കൂടി ചര്‍ച്ചയാവുമ്പോള്‍ നേതാക്കള്‍ വലിയ പ്രതിരോധത്തിലാണ്. വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചതും തുഷാറിന് വേണ്ടി കത്തയച്ചതുമെല്ലാം ആവശ്യമില്ലാത്ത ഏര്‍പ്പാടായി പോയി എന്ന വികാരം സി.പി.എം നേതാക്കള്‍ക്കിടയില്‍ പോലുമുണ്ട്. പാര്‍ട്ടി അച്ചടക്കം മാനിച്ച് അവരാരും ഇക്കാര്യം തുറന്ന് പറയുന്നില്ലെന്ന് മാത്രം. അതാണ് യാഥാര്‍ത്ഥ്യം.

Staff Reporter

Top