‘മമ്മൂട്ടിയുടെ മാമാങ്ക ദിനത്തില്‍ പ്രേം നസീറിനെ വല്ലാതെ മിസ്സ് ചെയ്യുന്നു’; എം എ നിഷാദ്

മ്മൂട്ടി നായകനായി എത്തിയ ‘മാമാങ്ക’ത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്. മാമാങ്കത്തെ ‘ഒരു വടക്കന്‍ വീരഗാഥ’യുമായി താരതമ്യം ചെയ്യരുതെന്നും അങ്ങനെ ചെയ്യുന്നത് അവിവേകമാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഫെയസ് ബുക്ക് പേജിലൂടെയാണ് നിഷാദ് ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂട്ടിയുടെ മാമാങ്കം കണ്ടപ്പോള്‍ പ്രേം നസീര്‍ അഭിനയിച്ച മാമാങ്കം എന്ന സിനിമ ഓര്‍മ്മ വന്നുവെന്നും അതില്‍ നിന്നും മലയാള സിനിമ സാങ്കേതികമായി മറ്റ് ഭാഷാസിനിമകളുമായി മത്സരിക്കാനാവുംവിധം ശക്തമായിരിക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

എം എ നിഷാദിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്ന്. തീര്‍ച്ഛയായും ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിളളിക്ക് അഭിമാനിക്കാം. അദ്ദേഹത്തിന് തന്നെയാണ് അഭിനന്ദനങ്ങള്‍ നല്‍കേണ്ടത്. ഒരുപാട് വൈതരണികള്‍ തരണം ചെയ്ത് ഈ സിനിമ പ്രദര്‍ശനത്തിനെത്തിച്ചതിന്. മമ്മൂട്ടി എന്ന നടന്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദവും ആകാരഭംഗിയും വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍. ഉണ്ണി മുകുന്ദന്‍ ഈ അടുത്ത കാലത്ത് ചെയ്ത ഇരുത്തം വന്ന വേഷം. അച്യുതന്‍ എന്ന കൊച്ചു മിടുക്കനാണ് എടുത്ത് പറയേണ്ട താരം. ചെറുതെങ്കിലും സുരേഷ് കൃഷ്ണയും മണിക്കുട്ടനും അവരവരുടെ ഭാഗം നന്നാക്കി. നായികയേക്കാളും മികച്ചുനിന്നത് ഇനിയയാണ്. അനു സിത്താരയും മോശമാക്കിയില്ല.

മനോജ് പിളളയുടെ ക്യാമറയ്ക്ക് ഫുള്‍ മാര്‍ക്ക്. എം ജയചന്ദ്രന്റെ പാട്ടുകള്‍ പതിവുപോലെ നന്നായി. കൂറ്റന്‍ സെറ്റുകളും സംഘട്ടന രംഗങ്ങളും പടത്തിന്റെ മാറ്റ് കൂട്ടി. എംടി-ഹരിഹരന്‍ ടീമിന്റെ ഒരു വടക്കന്‍ വീര ഗാഥയുമായിട്ട് ഈ ചിത്രത്തെ താരതമ്യം ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് അവിവേകമാണ് താനും. ഈ ചിത്രം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ വളരെ ചെറുപ്പത്തില്‍ കണ്ട പ്രേം നസീര്‍ അഭിനയിച്ച മാമാങ്കം എന്ന സിനിമ ഓര്‍മ്മ വന്നു. ആ സിനിമ കണ്ടപ്പോഴാണ് മാമാങ്കം എന്താണെന്ന് മനസ്സിലാക്കിയത്. അവിടെനിന്ന് എത്രയോദൂരം നമ്മുടെ സിനിമ വളര്‍ന്നിരിക്കുന്നു. സാങ്കേതികമായി മറ്റ് ഭാഷാ ചിത്രങ്ങളോട് മത്സരിക്കാന്‍ നമ്മള്‍ ശക്തരായിരിക്കുന്നു. ഒരിക്കല്‍ക്കൂടി കാവ്യാ ഫിലിംസിനും നിര്‍മ്മാതാവ് വേണുവിനും അഭിനന്ദനങ്ങള്‍. ഈ മാമാങ്ക ദിനത്തില്‍ പ്രേം നസീറിനെ വല്ലാതെ മിസ്സ് ചെയ്യുന്നു.

Top