സജി ചെറിയാൻ രാജിവെക്കേണ്ടതില്ലെന്ന് എം.എ ബേബി

രണഘടന വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവെക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ചിലപ്പോൾ മന്ത്രിക്ക് നാക്കു പിഴ സംഭവിച്ചതാകാം. പിന്നീട് അത് ദുർവ്യാഖ്യാനിക്കപ്പെട്ടതാകാമെന്നും എം.എ ബേബി വ്യക്തമാക്കി. മന്ത്രിയുടെ വിവാദ പരാമർശത്തെ ചൊല്ലി പ്രതിപക്ഷം രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് എം.എ ബേബിയുടെ പ്രതികരണം. ഭരണകൂടത്തിന് കീഴിൽ ജനങ്ങൾ അനുഭവിക്കുന്ന കാര്യങ്ങളാണ് സജി ചെറിയാൻ പറയാൻ ശ്രമിച്ചത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാൻ. കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ മന്ത്രിക്ക് പിശക് പറ്റിയിട്ടുണ്ടാകാമെന്നും എം.എ ബേബി വ്യക്തമാക്കി. സജി ചെറിയാൻ ജാഗ്രത പുലർത്തിയില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരിച്ചു. സംഭവത്തിൽ നാക്കു പിഴ സംഭവിച്ചുവെന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാൽ തന്റെ പരാമർശത്തെ ചൊല്ലിയുള്ള വാർത്തകൾ വളച്ചൊടിച്ചവയാണെന്ന് സജി ചെറിയാൻ പ്രതികരിച്ചു. കാര്യങ്ങൾ തന്റേതായ ശൈലിയിൽ അവതരിപ്പിക്കുകയാണ് ചെയ്തത്. അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ ദുഃഖവും ഖേദവും പ്രകടിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

Top