പി.കെ ശശിക്കെതിരായ പരാതിയില്‍ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിക്കുമെന്ന് എം.എ ബേബി

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ സിപിഐഎം തീരുമാനം ഉടനെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കിട്ടയ ശേഷമായിരിക്കും നടപടി. പാര്‍ട്ടി തലത്തില്‍ പരാതി അന്വേഷിക്കുന്നതിനെയും അദ്ദേഹം ന്യായീകരിച്ചു.

ആര്‍ക്ക് പരാതി നല്‍കാനും ആ പെണ്‍കുട്ടിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഇത് പല പാര്‍ട്ടിനേതാക്കളും വ്യക്തമാക്കിയതാണ്. പാര്‍ട്ടിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചത് അവരാണ്. മറിച്ച് പൊലീസിന് നല്‍കി നിയമപരമായി മുന്നോട്ടുപോകണമെങ്കിലും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അക്കാര്യം പരാതിക്കാരിയാണ് തീരുമാനിക്കേണ്ടതെന്നും എം.എ.ബേബി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തത് പഴുതടച്ച അന്വേഷണത്തിന് ശേഷമെന്ന് എം.എ ബേബി വ്യക്തമാക്കി. കന്യാസ്ത്രീകളുടെ സമരത്തെ കോടിയേരി തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Top