ma baby-police action against jishnu pranoy’s family

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ അമ്മയ്ക്കെതിരെ നടന്നത് പൊലീസ് പരാക്രമമാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പൊലീസ് നയം മനസ്സിലാക്കാത്തവര്‍ ചെയ്തതാണ്. ജനങ്ങളുടെ പ്രതിഷേധങ്ങളോട് ഇതല്ല നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു മനസ്സിലാകാതെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ബേബി ആവശ്യപ്പെട്ടു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു ബേബിയുടെ വിമര്‍ശനം.

പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ചും സ്റ്റേഷനു മുന്നില്‍ സത്യാഗ്രഹവും കേരളത്തില്‍ സാധാരണമാണ്. പൊലീസ് സ്റ്റേഷനു മുന്നില്‍ സമരമാകാമെങ്കില്‍ പൊലീസ് ആസ്ഥാനത്ത് സമരമാകാനാവില്ല എന്ന വാദത്തിന് ഒരു ന്യായവുമില്ല.

പൊലീസ് നടപടിയിലെ അപാകതയ്ക്കെതിരെയാണ് മഹിജയ്ക്ക് സമരം ചെയ്യാനുള്ളതും. മറ്റു സമരങ്ങളോടെടുക്കുന്ന സമീപനമേ ഈ സമരത്തിലും പൊലീസ് എടുക്കാന്‍ പാടുള്ളായിരുന്നു. പൊലീസ് ആസ്ഥാനം സമരത്താല്‍ അശുദ്ധമാകാന്‍ പാടില്ലാത്ത ഒരു സ്ഥലം എന്ന വാദത്തിന് ഒരു പ്രസക്തിയുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ വികലമായ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ഇരയാണ് ജിഷ്ണു പ്രണോയിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ഉചിതമായ ശിക്ഷ നേടിക്കൊടുക്കാനും എല്ലാ ജനാധിപത്യവാദികളും ഒന്നിക്കണം. സ്വാശ്രയ കോളജുകള്‍ക്ക് എന്തു തോന്ന്യാസവും ചെയ്യാന്‍ സൗകര്യമുണ്ടാക്കിയ യുഡിഎഫുകാരും വര്‍ഗീയവാദികളും ജിഷ്ണുവിന്റെ മരണത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതും തുറന്നു കാട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top