ജന്മഭൂമി മാപ്പ് പറഞ്ഞ് കാര്‍ട്ടൂണ്‍ പിന്‍വലിക്കണമെന്ന് എംഎ ബേബി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ബി ജെ പി മുഖപത്രമായ ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി.

ആര്‍ എസ് എസുകാരില്‍ ഇന്നും തുടരുന്ന ജാതിമേധാവിത്വബോധമാണ് ഈ കാര്‍ട്ടൂണ്‍ പുറത്തു വലിച്ചിട്ടതെന്നും ,ജന്മഭൂമി മാപ്പ് പറഞ്ഞ് കാര്‍ട്ടൂണ്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ ജാതി പറഞ്ഞാക്ഷേപിച്ച ജന്മഭൂമി പത്രം മാപ്പു പറഞ്ഞ് കാര്‍ട്ടൂണ്‍ പിന്‍വലിക്കണം.

ആര്‍ എസ് എസ് പ്രസിദ്ധീകരണമായ പത്രമാണ് ജന്മഭൂമി. കേരളത്തിലെ ആര്‍ എസ് എസുകാരില്‍ ഇന്നും തുടരുന്ന ജാതിമേധാവിത്വബോധമാണ് ഈ കാര്‍ട്ടൂണ്‍ പുറത്തു വലിച്ചിട്ടത്. നമ്മുടെ സമൂഹത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് എതിര് നില്ക്കുന്നതാണ് ആര്‍ എസ് എസ് എന്നത് ഒരിക്കല്‍ കൂടെ വെളിവാകുകയും ചെയ്തു.

ഒരു നൂറ്റാണ്ടു മുമ്പ് നമ്മള്‍ നേരിട്ട ജാതിപ്പിശാച് വീണ്ടും ആധിപത്യം സ്ഥാപിക്കാതിരിക്കാന്‍ ആര്‍ എസ് എസിനെയും അവരുടെ ബിജെപി അടക്കമുള്ള സംഘടനകളെയും എതിര്‍ത്തു തോല്പിച്ചേ മതിയാവൂ.

Top