ത്രിപുരയിലെ തോല്‍വി പാര്‍ട്ടിയുടെ സ്വാധീനം ചോര്‍ന്നതുകൊണ്ടെന്ന് എം.എ.ബേബി

ന്യൂഡല്‍ഹി : ത്രിപുരയില്‍ സിപിഎം തോറ്റത് പാര്‍ട്ടിയുടെ സ്വാധീനം ചോര്‍ന്നതുകൊണ്ടെന്ന് പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി.

36 ശതമാനം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയി എന്നതാണ് പരാജയകാരണമായി എണ്ണുന്ന ഒരുകാര്യം. എന്തുകൊണ്ട് അതില്‍ കുറേ വോട്ടെങ്കിലും സിപിഎമ്മിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലന്നും അദ്ദേഹം ചോദിച്ചു.

സിപിഎമ്മിന്റെ സ്വാധീനത്തില്‍ വലിയ ചോര്‍ച്ചയുണ്ടായി. തിരുത്തേണ്ട ഒരുപാടു പോരായ്മകളുണ്ടായി. പണമൊഴുക്കിയതു കൊണ്ടു മാത്രമല്ല ബിജെപി ജയിച്ചത്. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പാര്‍ട്ടി നേതാക്കള്‍ പ്രവര്‍ത്തനശൈലിയില്‍ മാറ്റംവരുത്തണമെന്നും ബേബി ഡല്‍ഹിയില്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളോ ആധുനിക വ്യവസായ സംരംഭങ്ങളോ അവിടെ ഉണ്ടായില്ല എന്നത് പ്രധാനമാണ്. തൊഴില്‍ മേഖലകളിലും ത്രിപുര പിന്നിലാണ്. യുവാക്കളെ വിശ്വാസത്തിലെടുക്കാന്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും കഴിഞ്ഞോ ഇല്ലയോ എന്നത് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സംഘപരിവാര്‍ ഭീഷണിയെ ഇനിയും ഉദാസീനതയോടെ കാണാന്‍ കഴിയില്ല. കോണ്‍ഗ്രസ് സഹകരണമാണ് ബിജെപിയെ തടയാന്‍ ഉള്ള പോംവഴിയെന്ന വാദവും അദ്ദേഹം തള്ളി. സ്വന്തം വോട്ടുകള്‍ ബിജിപിയിലേക്ക് ഒലിച്ചുപോകുന്നത് തടയാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. മൃദു ഹിന്ദുത്വ സമീപനമാണ് മറ്റൊരു പ്രശ്‌നം. ഫാസിസത്തെ തടയുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അറച്ചുനില്‍ക്കുകയാണെന്നും അതുകൊണ്ട് കോണ്‍ഗ്രസിനെ അഭയ പ്രസ്ഥാനമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ത്രിപുരയിലെ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നേതാക്കള്‍ ശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരണം. എല്ലാ തലങ്ങളിലുമുള്ള സഖാക്കള്‍ സ്വന്തം വീഴ്ചകളും പോരായ്മകളും പരിശോധിക്കണം. നേതാക്കള്‍ കുറച്ചുകൂടി കാര്യമായി ഇക്കാര്യം പരിശോധിക്കണം. ഈമാസം ചേരുന്ന പിബിയും കേന്ദ്രകമ്മിറ്റിയും പരാജയം വിലയിരുത്തുമെന്നും എം.എ.ബേബി വ്യക്തമാക്കി.

Top