പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് ഗൗരവമേറിയ വിഷയമാണെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു

ന്യൂഡല്‍ഹി : പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് ഗൗരവമേറിയ വിഷയമാണെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു. പിഎന്‍ബി തട്ടിപ്പ് ഉള്‍പ്പെടെ വിവിധ ബാങ്കുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് വങ്കയ്യ നായ്ഡു പറഞ്ഞു. ജനങ്ങളുടെ ഉള്ളില്‍ രോഷമുണ്ടാക്കുന്ന വിഷയമാണ്. അടിയന്തരപ്രാധാന്യത്തോടെ ചര്‍ച്ചചെയ്യേണ്ടതുണ്ടെന്നും ഭരണപക്ഷവുമായി സംസാരിച്ച് ചര്‍ച്ചയുടെ രീതി തീരുമാനിക്കുമെന്നും വെങ്കയ്യ നായ്ഡു രാജ്യസഭയില്‍ അറിയിച്ചു

കോണ്‍ഗ്രസ് ഭരണകാലത്താണ് തട്ടിപ്പ് നടന്നതെന്നും പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കരുതെന്നും റെയില്‍വേ മന്ത്രി പീയുഷ് ഗോയലും പ്രതികരിച്ചു. പഞ്ചാബ് നാഷ്‌നല്‍ ബാങ്ക് തട്ടിപ്പും നീരവ് മോദി രാജ്യം വിട്ടതും അടിയന്തരമായി ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസ് നല്‍കിയിരുന്നു. ലോക്‌സഭയും രാജ്യസഭയും ആരംഭിച്ചപ്പോള്‍ മുതല്‍ വിഷയം ഉന്നയിച്ച് ബഹളം വെച്ചു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിലെ ആദ്യദിനം ഇരുസഭകളും തടസപ്പെട്ടു. ലോക്‌സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.

Top