‘മാലാഖമാര്‍ക്ക് മാന്യമായ ശമ്പളം; ശമ്പളം കൂടുമ്പോള്‍ ഉത്തരവാദിത്തവും കൂടും’

തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് കുറഞ്ഞ ശമ്പളം കിട്ടുന്ന സാഹചര്യം സംസ്ഥാനത്ത് ഇനിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെയും ജീവനക്കാരുടെയും ശമ്പളവര്‍ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതോടെ ഇനി ഇവര്‍ക്ക് മാന്യമായ ശമ്പളം ലഭിക്കും. മാലാഖമാര്‍ക്ക് മാന്യമായ ശമ്പളം തീരുമാനിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ജയരാജന്റെ പരാമര്‍ശം.

കുറിപ്പിന്റെ പൂര്‍ണരൂപം:

മാലാഖമാര്‍ക്ക് മാന്യമായ ശമ്പളം തീരുമാനിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ കെയര്‍

‘നേഴ്‌സിംഗ് ഒരു ജോലിയല്ല; ജീവിതപാത തന്നെയാണ്’ എന്നുപറയാറുണ്ട്. ജോലി എന്നതിനേക്കാള്‍, പഠിച്ച അറിവ് രോഗികളെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാന്‍ ഉപയോഗപ്പെടുത്തുകയും, ചികിത്സതേടിയെത്തിയവരെ അവരുടെ കുടുംബാംഗത്തെപ്പോലെ സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഈ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തെയാണ് ‘നേഴ്‌സിംഗ് കെയര്‍’ എന്ന് നമ്മളെല്ലാം വിളിക്കുന്നത്.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നേഴ്‌സുമാരുടേയും ജീവനക്കാരുടേയും ശമ്പളം പുതുക്കി നിശ്ചയിച്ചുകൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി കഴിഞ്ഞു. ഇതോടെ, മികച്ച സേവനം ലഭ്യമാക്കിയിട്ടും കുറഞ്ഞ ശമ്പളം മാത്രം കിട്ടുന്ന സ്ഥിതി മാറി നേഴ്‌സിംഗ് വൃത്തിയിലുള്ളവര്‍ക്കും മാന്യമായ ശമ്പളം ലഭിക്കുന്ന സ്ഥിതിയുണ്ടാകും. പുതിയതീരുമാന പ്രകാരം അടിസ്ഥാന ശമ്പളം 8975 രൂപയില്‍ നിന്നും 20000 രൂപയായി ഉയരും. 50% വരെ അധിക അലവന്‍സും ലഭിക്കും. നേഴ്‌സിംഗ് ശുശ്രൂഷയ്ക്കുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അംഗീകാരമാണിത്.

ശമ്പളം വര്‍ദ്ധിക്കുന്നതോടെ നേഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉത്തരവാദിത്തവും വര്‍ദ്ധിച്ചു എന്നത് കാണണം. ചിലഘട്ടങ്ങളില്‍ നേഴ്‌സുമാരെക്കുറിച്ചും പരാതി ഉയരാറുണ്ട്. ഡ്യൂട്ടി ഏറ്റെടുക്കുന്ന നേഴ്‌സിംഗ് സ്റ്റാഫിന് വാര്‍ഡിലെ രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദീകരിക്കാതെ എങ്ങനേയും ജോലി അവസാനിപ്പിച്ച് പോകുന്നതാണ് ഇതില്‍ പ്രധാനം. ചുമതലയുള്ള വാര്‍ഡുകളിലെ രോഗികളെക്കുറിച്ചും അവരുടെ രോഗ വിവരത്തെക്കുറിച്ചും അവിടെ ഡ്യൂട്ടിയിലുള്ള നേഴ്‌സുമാര്‍ അറിഞ്ഞിരിക്കണം. പുതുതായി അഡ്മിറ്റാവുന്ന രോഗിയുടെ വിശദാംശങ്ങള്‍ ഡോക്ടറോട് ചോദിച്ചും കേസ്ഷീറ്റ് വഴിയും രോഗികളുടെ ബന്ധുക്കളോട് ചോദിച്ചും നേഴ്‌സിംഗ് സ്റ്റാഫ് പഠിക്കുകയും ഡ്യൂട്ടി മാറുമ്പോള്‍ പുതുതായി എത്തുന്നവര്‍ക്ക് വിവരം കൈമാറുകയും വേണം. ഇങ്ങനെ അത്യാഹിത വിഭാഗം മുതല്‍ രോഗി ഡിസ്ചാര്‍ജ്ജ് ആവുന്നതുവരെ കുടുംബാംഗത്തെപ്പോലെ കണക്കാക്കി നേഴ്‌സിംഗ് കെയര്‍ നല്‍കാന്‍ കഴിയണം. ഇതില്ലെന്നല്ല പറയുന്നത്. ചില നേഴ്‌സുമാരെങ്കിലും ഇത് പാലിക്കുന്നില്ല എന്നത് പരാതിയാവുന്നത് വിമര്‍ശ്ശനപരമായി ചൂണ്ടിക്കാണിക്കുന്നു എന്ന് മാത്രം. നേഴ്‌സിംഗ് കെയര്‍ സംബന്ധിച്ച് പരാതിയുയരാത്ത വിധം കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും ഈ മേഖലയിലെ സംഘടനകള്‍ തയ്യാറാകണം. സ്വന്തം ജീവന്‍ വകവെയ്ക്കാതെ യുദ്ധഭൂമിയില്‍ പരിക്കേറ്റ പട്ടാളക്കാരെ ശുശ്രൂഷിച്ച ഫ്‌ലോറന്‍സ് നൈറ്റിംഗ് ഗേലിന്റെ ത്യാഗസന്നദ്ധതയുടേയും നന്മയുടേയും വെളിച്ചം ഏറ്റെടുത്ത് പ്രസരിപ്പിക്കാന്‍ കഴിയണം. ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാന്യമായ ശമ്പളം സ്വകാര്യ ആശുപത്രികളിലും ഉറപ്പാക്കിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം പൊതുവില്‍ അംഗീകരിക്കപ്പെടുമെന്നത് ഉറപ്പാണ്.

Top