ആനമതിൽ നിർമാണം: വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് എം വി ജയരാജൻ

വയനാട്: കണ്ണൂർ ആറളം ഫാമിലെ ആനമതിൽ നിർമാണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി. ആനമതിൽ വേണ്ടെന്ന വിദഗ്ധ സമിതി റിപ്പോർട്ട് തെറ്റെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. വിഷയത്തിൽ ഹൈക്കോടതിയിൽ പുനപരിശോധന ഹർജി നൽകണമെന്നും രാഷ്ട്രീയ തീരുമാനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാട്ടാന ആക്രമത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ആനമതിലാണ് പ്രായോഗിക പരിഹാരമെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.

ആറളത്ത് സുരക്ഷയില്ലെന്ന് ആദിവാസി പുനരധിവാസ മേഖലയിലെ ജനങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലായിരുന്നു എം വി ജയരാജന്റെ പ്രതികരണം. 8 വർഷത്തിനിടെ ആറളംഫാമിൽ കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത് 10 ജീവനുകളാണ്. ആദിവാസികളാണ് കൂടുതലായും കാട്ടാന ആക്രമണത്തിന് ഇരകളാകുന്നത്.

ഇന്നലെയും കാട്ടാന ആക്രമണത്തിൽ ഒരാൾ ആറളംഫാമിൽ മരിച്ചിരുന്നു. ഏഴാം ബ്ലോക്കിലെ പി എ ദാമു (45) വാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ ഫാമിൽ പരക്കെ കാട്ടാനയക്രമണമുണ്ടായി. ഫാമിന്റെ പാലപ്പുഴ ഗേറ്റിൽ സുരക്ഷാ ജീവനക്കാരന്റെ ബൈക്ക് കാട്ടാന ചവിട്ടിത്തകർത്തു. ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു, ബ്ലോക്ക് ഏഴിൽ കാട്ടാന കുടിലും തകർത്തു. ഇതിനിടയിലാണ് ദാമു കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. സ്ഥലത്ത് ആദിവാസി കുടുംബങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്.

Top