m v jayarajan may be in cm new private secretary

തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറിയാണോ, പ്രൈവറ്റ് സെക്രട്ടറിയാണോ വലുത് ? സി പി എം അണികളില്‍ വ്യാപകമായി ഇപ്പോള്‍ ഉയരുന്ന ചോദ്യമാണിത്.

എം വി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകുമെന്ന വാര്‍ത്തയാണ് പദവികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

നിലവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശനാണ് പൊലീസ് ഭരണമടക്കമുള്ള കാര്യങ്ങള്‍ നോക്കുന്നത്. അനാവശ്യമായ ഒരു ഇടപെടലിനും കൂട്ട് നില്‍ക്കാത്ത ദിനേശന്‍ പിണറായിയുടെ മനസ്സറിഞ്ഞാണ് പ്രവര്‍ത്തിക്കുന്നത്.

ഐ പി എസ് ഉദ്യോഗസ്ഥരടക്കമുള്ളവരോട് വളരെ മാന്യമായി പെരുമാറുകയും വഴിവിട്ട ശുപാര്‍ശകളുമായി വിളിക്കാത്തതുമെല്ലാം ദിനേശനില്‍ ഉദ്യോഗസ്ഥര്‍ക്കും മതിപ്പുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല കൂടി വഹിച്ചു വരുന്ന ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഉടന്‍ തന്നെ ചീഫ് സെക്രട്ടറിയാവുന്ന സാഹചര്യത്തിലാണ് ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന തസ്തികയിലേക്കെത്തുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജയരാജന്റെ നിയമനം കാരണമാകുമെന്നാണ് സി പി എം നേതൃത്വത്തിന്റെ പ്രതീക്ഷ. മുഖ്യമന്ത്രിയുടെ കൂടി താല്‍പര്യപ്രകാരമാണ് നിയമനം.

രണ്ട് സി പി എം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്നത് അപൂര്‍വ്വമാണ്.

നയനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ പി.ശശിയായിരുന്നു പൊളിറ്റിക്കല്‍ സെക്രട്ടറി. അക്കാലത്ത് ഓഫീസും പൊലീസുമെല്ലാം അടക്കി ഭരിച്ചിരുന്നത് ശശിയായിരുന്നു.

വി എസ് മുഖ്യമന്ത്രിയായിരിക്കെ കെ എന്‍ ബാലഗോപാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും രാജേന്ദ്രന്‍ സെക്രട്ടറിയുമായിരുന്നു. ഇവരെല്ലാവരും തന്നെ സി പി എം സംസ്ഥാന കമ്മറ്റി അംഗങ്ങളായിരിക്കെയാണ് ചുമതല വഹിച്ചിരുന്നത്.

വി എസിന്റെ മുകളില്‍ ഒരു നിയന്ത്രണം കൂടി ഉദ്യേശിച്ചാണ് അക്കാലത്ത് രണ്ട് സംസ്ഥാന കമ്മറ്റി അംഗങ്ങളെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സി പി എം നിയോഗിച്ചിരുന്നത്.

എന്നാല്‍ ഇപ്പോഴത്തെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ ചലനാത്മകമാക്കാന്‍ പിണറായിയുടെ കൂടി താല്‍പര്യപ്രകാരമുള്ള നിയമനമാണെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍ മുന്‍ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചതിനു ശേഷം പാര്‍ട്ടി ആസ്ഥാനത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ദിനേശന് ശേഷം എസ് എഫ് ഐ സംസ്ഥാന ഭാരവാഹികളായവരില്‍ ചിലര്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ എത്തിയതിന് ശേഷമാണ് അദ്ദേഹത്തിന് സംസ്ഥാന കമ്മറ്റിയിലേക്ക് തന്നെ നറുക്ക് വീണിരുന്നത്.

എന്നാല്‍ പിണറായി മുഖ്യമന്ത്രിയായതോടെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ദിനേശനെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കി നിയമിക്കുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നുവെങ്കിലും അര്‍ഹതയ്ക്കുള്ള അംഗീകാരമായിരുന്നു അത്.

ഇപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് എത്തുന്ന എം വി ജയരാജന്‍ സി പി എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമാണ്. എം എല്‍ എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദിനേശന്‍ പുത്തലത്തിനേക്കാള്‍ പാര്‍ട്ടിയില്‍ സീനിയറാണെങ്കിലും പദവിയില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയല്ലേ വലുതെന്നതാണ് പൊതുവെ ഉയരുന്ന ചോദ്യം.

എന്നാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും ഒരു പോലെ ശക്തമായ അധികാര കേന്ദ്രങ്ങളാണെന്നും മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുകയാണ് ഇരുവരുടെയും പ്രധാന ദൗത്യമെന്നുമാണ് സി പി എം നേതൃത്വം പറയുന്നത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പരസ്യമായി എസ് പിയുടെ ഓഫീസിനകത്ത് വരെ കയറി പൊലീസുദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ മടി കാണിക്കാത്ത എം വി ജയരാജന്‍ പൊലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകുമ്പോള്‍ പഴയ ശൈലി മാറ്റുമോ എന്നാണ് രാഷ്ട്രീയ കേരളമിപ്പോള്‍ ഉറ്റുനോക്കുന്നത്.

Top