കെജ്‌രിവാള്‍ നിയമസഭയുടെ ഓടിളക്കിയിട്ട് മുഖ്യമന്ത്രി കസേരയില്‍ എത്തിയതല്ലെന്ന് . . .

തിരുവനന്തപുരം: ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാറിനോട് കേന്ദ്ര സര്‍ക്കാറും ഗവര്‍ണറും കാണിക്കുന്ന ‘പകപോക്കല്‍’ നിലപാടിനെതിരെ ആഞ്ഞടിച്ച് സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.വി ജയരാജന്‍ രംഗത്ത്.

കടുത്ത ഭരണഘടനാ ലംഘനവും ജനാധിപത്യ ലംഘനവുമാണ് ഡല്‍ഹി ലഫ്.ഗവര്‍ണ്ണര്‍ കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

WhatsApp Image 2018-06-19 at 1.48.35 AM

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് ഇത്തരമൊരു സമീപനം. കെജ്‌രിവാള്‍ നിയമസഭയുടെ ഓടിളക്കി മുഖ്യമന്ത്രി കസേരയില്‍ അനധികൃതമായി ഇരുപ്പുറപ്പിച്ചയാളല്ല, ജനങ്ങള്‍ തെരെഞ്ഞെടുത്ത മുഖ്യമന്ത്രിയാണെന്നും ജയരാജന്‍ ഓര്‍മ്മിപ്പിച്ചു.

WhatsApp Image 2018-06-19 at 1.48.35 AM (1)

മുഖ്യമന്ത്രി പിണറായി കെജ്‌രിവാളിന്റെ വീട് സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആം ആദ്മി പാര്‍ട്ടി പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് ജയരാജനും പരസ്യമായി പ്രതിഷേധിച്ചിരിക്കുന്നത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:-

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ജനങ്ങളോടുള്ള വെല്ലുവിളി
====================

ലെഫ്റ്റനന്റ് ഗവര്‍ണര്‍ കേന്ദ്ര ബി.ജെ.പി നേതാവിനെപ്പോലെ പെരുമാറുകയും, ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിക്ക് ലെഫ്റ്റനന്റ് ഗവര്‍ണ്ണറുടെ വസതിക്കുമുന്നില്‍ സമരം ചെയ്യേണ്ടിവരികയും ചെയ്യുന്നത് ജനാധിപത്യം അട്ടിമറിക്കപ്പെടുന്നതിന്റെ ലക്ഷണം തന്നെയാണ്. ഭരണഘടനാനുസൃതമായാണ് ഒരു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഫെഡറല്‍ തത്ത്വങ്ങള്‍ പാലിക്കെണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തവുമാണ്. എന്നാല്‍, കടുത്ത ഭരണഘടനാ ലംഘനവും ജനാധിപത്യലംഘനവുമാണ് ഡല്‍ഹി ലെഫ്റ്റെനെന്റ് ഗവര്‍ണ്ണര്‍ കാണിക്കുന്നത്.

ജനാധിപത്യ ഇന്ത്യയുടെ തലസ്ഥാന നഗരികൂടിയായ ഡല്‍ഹിയിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഇത്തരമൊരു സമീപനം ലെഫ്റ്റനന്റ് ഗവര്‍ണ്ണറില്‍ നിന്നും ഉണ്ടായിരിക്കുന്നത്. അരവിന്ദ് കെജ്രിവാള്‍ നിയമസഭയുടെ ഓടിളക്കി മുഖ്യമന്ത്രിക്കസേരയില്‍ അനധികൃതമായി ഇരിപ്പുറപ്പിച്ചയാളല്ല. കേരളത്തില്‍, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആ കസേരയില്‍ മറ്റൊരാള്‍ കയറിയിരുന്നത് വാര്‍ത്തയായതാണ്. അങ്ങനെ ഡല്‍ഹി മുഖ്യമന്ത്രി കസേരയില്‍ ഇരുന്നയാളുമല്ല കെജ്രിവാള്‍. ഡല്‍ഹിയിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് അദ്ദേഹം. ജനാധിപത്യത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ ക്കാണ് അധികാരം. എന്നിട്ടും കടുത്തജനാധിപത്യ വിരുദ്ധതയാണ് ഡല്‍ഹി ലെഫ്. ഗവര്‍ണ്ണര്‍ കാണിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നത് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ നാണം കെടുത്തുന്നതിനാണ് ഇടയാക്കുക. അതുകൊണ്ടുതന്നെ വിഷയം എത്രയും വേഗം പരിഹരിക്കാന്‍ ഇടപെടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ഇതിനുപിന്നിലെ സൂത്രധാരനെപ്പോലെ, രാജ്യം നാണം കെട്ടാലും മൗനംവെടിയില്ലെന്ന വാശിയിലാണ് പ്രധാനമന്ത്രി പെരുമാറുന്നത്. സ. പിണറായി വിജയന്റെ നേതൃത്വത്തില്‍ നാല് മുഖ്യമന്ത്രിമാര്‍, ഡല്‍ഹി സര്‍ക്കാരിനെതിരെയുള്ള ജനാധിപത്യ വിരുദ്ധതയ്ക്കെതിരെ ലെഫ്റ്റനന്റ് ഗവര്‍ണ്ണരുടെ വസതിയില്‍ സമരം ചെയ്യുന്ന കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ അനുമതി ചോദിച്ചെങ്കിലും അത് ലഭിക്കുകയുണ്ടായില്ല. തെറ്റ് ചെയ്യുന്നു എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് കെജ്രിവാളിന്റെ സമരത്തെ സന്ദര്‍ശിക്കുന്നതുപോലും ലെഫ്റ്റനന്റ് ഗവര്‍ണറും കേന്ദ്രസര്‍ക്കാരും ഭയക്കുന്നത്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സ. സീതാറാം യെച്ചൂരി പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് വന്‍ പ്രതിഷേധ റാലിയും നടന്നു.

രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുന്ന കേന്ദ്ര ബി.ജെ.പി സര്‍ക്കാരിനെതിരെ രംഗത്തുവരികയാണ്. കര്‍ണ്ണാടകത്തില്‍ ഗവര്‍ണ്ണറെ ഉപയോഗിച്ചുള്ള ബി.ജെ.പി പരീക്ഷണം തോറ്റ് തുന്നം പാടിയതാണ്. രാജ്യതലസ്ഥാനത്തും സ്ഥിതി മറിച്ചാവില്ല. ലെഫ്റ്റെനന്റ് ഗവര്‍ണറെ ഉപയോഗിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്ത ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ നീക്കം രാജ്യത്തോടുള്ള വെല്ലുവിളിയാണ്. ജനാധിപത്യബോധം അല്പമെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ ലോകത്തിനുമുന്നില്‍ രാജ്യത്തെ ഇനിയും നാണം കെടുത്താതെ ഡല്‍ഹി മുഖ്യമന്ത്രിയുടെ സമരം അവസാനിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയാണ് വേണ്ടത്.

– എം.വി ജയരാജന്‍

Top