എം.വി. ഗോവിന്ദന്റെ ആരോപണം ശുദ്ധ അസംബന്ധം; മറുപടി പറയിപ്പിക്കുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: മോന്‍സന്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസിലെ അതിജീവിതയെ പീഡിപ്പിക്കുമ്പോള്‍ താന്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണം ശുദ്ധ അസംബന്ധമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. എം.വി. ഗോവിന്ദനെക്കൊണ്ട് തന്നെ മറുപടി പറയിക്കും. മനുഷ്യത്ത്വവും സംസ്‌കാരവുമുള്ള ഏതെങ്കിലും നേതാക്കള്‍ സി.പി.എമ്മില്‍ ഉണ്ടെങ്കില്‍ പാര്‍ട്ടിക്ക് അകത്ത് പ്രതികരിക്കണമെന്നും കെ സുധാകരനന്‍ കണ്ണൂരില്‍ പറഞ്ഞു.

‘കായികാധ്യാപകനായിരുന്നുപോലും, അപ്പോ പിന്നെ രക്ഷയിലല്ലോ. ഫുട്ബോള്‍ ചവിട്ടുകയല്ലേ വേണ്ടൂ. ഗോളായാലും ഇല്ലെങ്കിലും ബോളടിക്കാലോ? അദ്ദേഹത്തിന്റെ ഗതി അതാണെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല, അത്രയേ നമ്മള്‍ പ്രതീക്ഷിക്കണ്ടൂ. അദ്ദേഹത്തെ മാഷ് എന്ന് വിശേഷിപ്പിക്കാന്‍ തന്നെ എനിക്ക് ലജ്ജ തോന്നുന്നു. ഇദ്ദേഹം പഠിപ്പിച്ച കുട്ടികളുടെ ഗതിയെന്തായിരിക്കും. തന്നെ കുരുക്കാന്‍ ശ്രമിച്ചാല്‍ കാലവും ദൈവവും മറുപടി കൊടുക്കും’, കെ. സുധാകരന്‍ പറഞ്ഞു.

മോന്‍സന്‍ മാവുങ്കലിനെതിരായ പുരാവസ്തു കേസിലെ പരാതിക്കാരുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അത്രമാത്രം ബന്ധമില്ലാത്ത ചെറുപ്പക്കാര്‍ എന്തിന് തന്നെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന അന്വേഷണത്തിലായിരുന്നു. എന്നാല്‍, ഇതിന് പിന്നില്‍ സി.പി.എമ്മായിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത്. ഒരു ഭരണകൂടം ഇതുപോലെ തരംതാണ് നെറികെട്ട പ്രവര്‍ത്തനം നടത്തുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. മനുഷ്യത്വമുള്ള രാഷ്ട്രീയനേതൃത്വത്തിന് ഇത് തോന്നുമോ? കെട്ടുകഥയുണ്ടാക്കി പൊതുപ്രവര്‍ത്തകനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.

ഇതുപോലുള്ള തെമ്മാടിത്തങ്ങള്‍ക്കും തോന്ന്യാസങ്ങള്‍ക്കും അറുതി വരുത്താനാണ് നിയമം. അതുപയോഗപ്പെടുത്തുന്നില്ലെങ്കില്‍ താനൊരു പൗരനല്ലല്ലോ? എം.വി. ഗോവിന്ദനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോക്സോ കേസിലെ അതിജീവിതയെ താന്‍ കണ്ടിട്ടില്ല. പെണ്‍കുട്ടി തന്റെ സഹായം തേടിയിട്ടില്ല. കറുത്തിട്ടോ വെളുത്തിട്ടോയാണോ ആ കുട്ടിയെന്ന് പോലും തനിക്കറിയില്ല. തന്റെ പേര് പറയാന്‍ എല്ലാവരിലും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അതിജീവിതയുടെ ബന്ധുവിനെക്കൊണ്ട് പേര് പറയിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിന്റെ തെളിവ് പുറത്തുവരും. സംസ്ഥാന സര്‍ക്കാര്‍ ശ്രേഷ്ഠ പുരസ്‌കാരം കൊടുത്ത ഒരാളെ ഞാനെന്തിനാണ് മറ്റൊരു കണ്ണില്‍ കാണേണ്ട കാര്യം. മോന്‍സന് കുറ്റബോധം ഉണ്ട്. അയാള്‍ അറിഞ്ഞുകൊണ്ടാണ് ചെയ്തത്. തന്നോട് ഫോണിലും ആളുകളെ അയച്ചും ക്ഷമ പറഞ്ഞിട്ടുണ്ട്. റസ്തോ എന്ന ഡിവൈ.എസ്.പി. ഭയപ്പെടുത്തിയാണ് മോന്‍സന്റെ സഹായികളെക്കൊണ്ട് തനിക്കെതിരെ മൊഴിനല്‍കിച്ചതെന്നും കെ. സുധാകരന്‍ ആരോപിച്ചു.

 

Top