കേരളത്തിലേത് കപട മാവോയിസ്റ്റുകള്‍, ഇടതു പക്ഷവുമായി ഒരു ബന്ധവുമില്ലന്ന് എം.വി. ഗോവിന്ദന്‍

കണ്ണൂര്‍ : കേരളത്തിലേത് കപട മാവോയിസ്റ്റുകളെന്ന് സിപിഎം കേന്ദ്ര കമ്മിയംഗം എം.വി. ഗോവിന്ദന്‍. കേരളത്തിലെ മാവോയിസ്റ്റുകള്‍ക്ക് ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലന്നും തെറ്റായ ഭീകരവാദ നിലപാടുകളാണ് ഇവര്‍ക്കുള്ളതെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.

മാവോയിസ്റ്റുകള്‍ ഇടതുപക്ഷ നിലപാട് സ്വീകരിക്കുന്നവരല്ലെന്നും ആ മേലങ്കി ചാര്‍ത്തിക്കൊടുക്കുന്നതാണെന്നും അദ്ദേഹം നേരത്തെയും വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് സായുധ വിപ്ലവം നടത്താനുള്ള ആഹ്വാനം തെറ്റാണ്. മറ്റ് പല രാജ്യങ്ങളിലും വിപ്ലവം നടക്കുമ്പോഴുള്ള സാഹചര്യമല്ല ഇന്ത്യയിലേത്. ജനാധിപത്യം തരിമ്പുമില്ലാത്ത ഏകാധിപത്യഭരണമുള്ള രാജ്യങ്ങളില്‍ എടുക്കുന്ന അടവുനയം ജനാധിപത്യരാജ്യത്ത് പറ്റില്ല. ഇക്കാര്യം മാവോയും ചെ ഗുവേരയും തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിലാളിവര്‍ഗ രാഷ്ട്രീയം മുറുകെപ്പിടിച്ച് കര്‍ഷകരെയും മറ്റ് ജനവിഭാഗങ്ങളെയും ഒപ്പംനിര്‍ത്തിയാണ് മാവോ ചൈനയുടെ വിമോചനത്തിനായി പൊരുതിയത്. കാട്ടില്‍ ആയുധമേന്തി നടക്കുന്നവര്‍ക്ക് മാവോയുടെ പേര് ഉപയോഗിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top