കരുവന്നൂര്‍ ബാങ്ക് കേസ്; അറസ്റ്റിലായ പി ആര്‍ അരവിന്ദാക്ഷനെ പിന്തുണച്ച് എം വി ഗോവിന്ദന്‍

കണ്ണൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയിലെടുത്ത പി.ആര്‍.അരവിന്ദാക്ഷന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ രംഗത്ത്. അരവിന്ദാക്ഷന്‍ ഇഡിക്കെതിരെ പറഞ്ഞതിലെ പ്രതികാര നടപടിയാണ് കസ്റ്റഡി എന്ന് എം. വി. ഗോവിന്ദന്‍ പറഞ്ഞു.

മൊയ്തീനിലേക്ക് മാത്രമല്ല, ആരിലേക്കും ഇ ഡി എത്താം. വഴങ്ങാന്‍ പാര്‍ട്ടിക്ക് മനസ്സില്ല. സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത അരവിന്ദാക്ഷനെ വൈകിട്ടോടെ ഇഡി ഓഫീസില്‍ എത്തിച്ചു. കള്ളക്കേസെന്നായിരുന്നു അരവിന്ദാക്ഷന്റെ പ്രതികരണം. കേസില്‍ അറസ്റ്റിലാകുന്ന ആദ്യ സിപിഎംകാരനാണ് അരവിന്ദാക്ഷന്‍.

അത്താണി ലോക്കല്‍ കമ്മിറ്റി അംഗം ആണ് പി ആര്‍ അരവിന്ദാക്ഷന്‍. എസി മൊയ്തിനുമായി ഏറെ അടുപ്പമുള്ള നേതാവാണ്. കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു .വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ ആണ്. ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അരവിന്ദാക്ഷന്‍ നേരത്തേ പരാതി ഉന്നയിച്ചിരുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ കൊച്ചി ഇഡി ഓഫീസില്‍ ഇന്നും തുടരുകയാണ്. തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഐഎം നേതാവുമായ എം കെ കണ്ണന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

Top