ഓർമ്മകൾ തിരികെ നൽകി ജയറാമിന് എംടി വാസുദേവൻ നായരുടെ സമ്മാനം

തിരൂർ തുഞ്ചന്‍പറമ്പിലെ വിദ്യാരംഭ കലോൽസവത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ നടൻ ജയറാമിന് ലഭിച്ചത് കാലം കാത്തുവച്ച സമ്മാനം.

കഥകളുടെ തമ്പുരാൻ എംടി വാസുദേവൻ നായരുടെ വക അവിസ്മരണീയ സമ്മാനമാണ് ലഭിച്ചത്.

35 വർഷങ്ങൾക്ക് മുൻപ് ജയറാമിന്റെ അമ്മാവനായ മലയാറ്റൂർ രാമകൃഷ്ണൻ മരുമകന് സിനിമയിൽ അവസരം നൽകണമെന്നാവശ്യപ്പെട്ട് എംടിക്ക് ഒരു ചിത്രം അയച്ചിരുന്നു.

ഈ ചിത്രമാണ് വർഷങ്ങൾക്കിപ്പുറം പൊതുവേദിയിൽ വച്ച് എംടി ജയറാമിന് തിരിച്ചുനൽകിയത്.

മലയാറ്റൂരിന്റെ ചില പഴയ പുസ്തകങ്ങള്‍ പരതിയപ്പോള്‍ ലഭിച്ചതാണെന്ന് പറഞ്ഞുകൊണ്ടാണ് എംടി ആ ചിത്രം ജയറാമിന് കൈമാറിയത്.

തന്റെ പഴയകാല ഫോട്ടോ കണ്ടപ്പോൾ ജയറാം ആദ്യമൊന്ന് അമ്പരന്നെങ്കിലും, പിന്നീട് പഴയ സംഭവങ്ങൾ ഓർത്ത് താരത്തിന്റെ മുഖത്ത് സന്തോഷവും ഒപ്പം കണ്ണീരും.

ആ സംഭവത്തെ ജയറാം ഓർത്തെടുത്തത് ഇങ്ങനെ; “ഡിഗ്രി പഠനം കഴിഞ്ഞ് സിനിമയിലഭിനയിക്കാനുള്ള മോഹവുമായി അമ്മാവന്റെ അടുത്തെത്തി.

സിനിമ തൊഴിലാക്കാനാണോ പരിപാടി എന്ന് ചോദിച്ചു, അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ ഒരു ഫോട്ടോ താ ശ്രമിക്കാമെന്ന് പറഞ്ഞു.

അന്ന് കൊടുത്ത ഫോട്ടോയാണ് ഇത്. ദേശീയ അവാര്‍ഡ് ലഭിക്കുന്നതിനേക്കാള്‍ സന്തോഷമുണ്ട് ഇത് കണ്ടപ്പോൾ.” ജയറാം പറഞ്ഞു.

Top