M. Swaraj’s facebook post

കൊച്ചി: അപരന്മാരുടെ ‘കരുത്തില്‍’ വിജയം ലക്ഷ്യമിടുന്ന സ്ഥാനാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തനായി തൃപ്പൂണിത്തുറയിലെ ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജ്.

‘തിരഞ്ഞെടുപ്പില്‍ ഒരു അപരനെ നിര്‍ത്തുകയും ആ അപരന് കിട്ടുന്ന അബദ്ധവോട്ടുകളുടെ ബലത്തില്‍ താന്‍ വിജയിക്കുകയും ചെയ്താല്‍ ആ ഒറ്റക്കാരണം കൊണ്ട് ഞാന്‍ ലജ്ജിച്ച് മരിക്കും’ എന്നായിരുന്നു സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സ്വരാജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സിപിഎം നേതൃത്വം ഇടപെട്ട് തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ അപരനായ ബാബുവിനോട് പത്രിക പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി കൂടിയായ സ്വരാജിന്റെ തീരുമാനത്തിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്.

സഹപ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായ എ എന്‍ ഷംസീര്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പരാജയപ്പെട്ടത് അപരന്‍ പിടിച്ച വോട്ട് മൂലമായിരുന്നു.

അപരന്മാരെ നിര്‍ത്തുന്നതിനോടുള്ള വിയോജിപ്പ് ഒരു സ്വകാര്യചാനല്‍ ചര്‍ച്ചയില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രകടിപ്പിച്ചിരുന്നെങ്കിലും നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന ദിനം പിന്നിട്ടപ്പോള്‍ മിക്ക മണ്ഡലങ്ങളിലും അപരന്മാരുടെ നിറഞ്ഞ സാന്നിധ്യമാണ് ദൃശ്യമാകുന്നത്.

തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ അപരനെ സ്വരാജ് പിന്‍വലിപ്പിച്ച് നേരായ രാഷ്ട്രീയ പോരാട്ടത്തിന് കളമൊരുക്കിയെങ്കിലും ഈ മര്യാദ മറു ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സ്വരാജിന് ഇവിടെ അപരനുണ്ട്.

എന്നാല്‍ തന്റെ നിലപാട് മറ്റാരെയെങ്കിലും തിരുത്തിക്കാന്‍ ഉദ്ദേശിച്ചല്ലെന്നും തന്റെ നിലപാടുകള്‍ക്കനുസൃതമാണെന്നുമുള്ള നിലപാടിലാണ് സ്വരാജ്.

ഡിവൈഎഫ്‌ഐ നേതാവിന്റെ ഈ പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ ലഭിച്ചിരിക്കുന്നത്.

Top